യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

കോട്ടയം: സാധുവായ യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാവാതെ വന്ന യാത്രക്കാരന് എയര്‍ ഇന്ത്യ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. 

ഉദയനാപുരം തെനാറ്റ് ആന്റണി നല്‍കിയ പരാതിയിലാണ് വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്.

2018 ഓഗസ്റ്റ് 25 ന് കൊച്ചിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഓഗസ്റ്റ് 28 ന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ കൊച്ചിയില്‍നിന്നു യാത്രചെയ്യാനാവാതെ വന്നതോടെ ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു വിമാനത്തില്‍ ആന്റണി ടിക്കറ്റ് വാങ്ങി. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ബ്രിട്ടനു പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കി. തുടര്‍ന്ന് കൊച്ചിയിലേക്കു മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്രചെയ്ത് ഖത്തര്‍ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡുമാര്‍ഗം ബര്‍മിങ്ഹാമിലും എത്തിയപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞെന്നായിരുന്നു പരാതി.

എയര്‍ ഇന്ത്യ നിരസിച്ച യാത്രാപെര്‍മിറ്റ് ഉപയോഗിച്ചാണ് കൊച്ചിയില്‍നിന്നു ഖത്തര്‍ എയര്‍വേയ്‌സില്‍ ആന്റണി യാത്ര ചെയ്തതെന്ന് പരാതി പരിശോധിച്ച ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിലയിരുത്തി. മതിയായ യാത്രാരേഖകളും സാധുവായ ടിക്കറ്റുമുണ്ടായിരുന്ന ആന്റണിക്ക് അന്യായമായ കാരണങ്ങള്‍ നിരത്തി യാത്രാനുമതി നിഷേധിച്ചത് എയര്‍ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവന ന്യൂനതയാണെന്നും കമ്മിഷന്‍ കണ്ടെത്തി. തുടര്‍ന്ന്, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള മാനസിക ബുദ്ധിമുട്ടിനും കഷ്ടപ്പാടുകള്‍ക്കും എയര്‍ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

RELATED STORIES