മണലാരണ്യത്തിൽ ജീവിതം പച്ച പിടിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോഴും ജന്മനാട്ടിൽ പച്ചപ്പിന്റെ തുരുത്ത് തണ്ണിമത്തനിലൂടെ തീർത്ത് പി എൻ സുരേഷ് കുമാർ

മല്ലപ്പള്ളി / ചെങ്ങരൂർ :
ഉപജീവനത്തിനായി മസ്ക്കറ്റിൽ ജോലി ചെയ്യുമ്പോഴും നാട്ടിലെ കൃഷിയിൽ വ്യാപൃതനായിരുന്ന ചെങ്ങരൂർ പുന്തല കുന്നത്ത് പി എൻ സുരേഷ് കുമാർ ആണ് തായ്ലന്റിൽ നിന്ന് തണ്ണിമത്തൻ വിത്ത് വരുത്തി തെക്കേടത്ത് കടവ് പാടശേഖരത്ത് കൃഷി ചെയ്യ്തത്.

കല്ലുപ്പാറ ഗ്രാമ പഞ്ചായത്തിൽ തണ്ണിമത്തൻ അത്ര പരിചിതമായ കൃഷി അല്ലെങ്കിലും വിളവെടുത്തപ്പോൾ കിട്ടിയത് നൂറ് മേനിയാണ്. തന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്താണ് സുരേഷ് കുമാർ തണ്ണിമത്തൻ കൃഷി ചെയ്യ്തത്. ജൈവ കൃഷിയിലൂടെയാണ് പ്രവാസിയായ സുരേഷ്, തെക്കേടത്ത് കടവ് പാടശേഖരത്തിൽ തണ്ണിമത്തന്റെ സമുദ്ധി സമുഹത്തിന് കാട്ടി കൊടുത്തത്.

തണ്ണിമത്തനിലൂടെ മികച്ച വിളവാണ് തനിക്ക് ലഭിച്ചതെന്ന് സുരേഷ് കുമാർ പറഞ്ഞു. സുരേഷിന്റെ പിതാവ് ടി കെ നാരായണൻ നായർ ചെങ്ങരൂരിലെ ഒരു മികച്ച കർഷകൻ ആയിരുന്നു.

ചെറുപ്പം മുതൽ പിതാവിനൊപ്പം കൃഷിയെ പരിചയിച്ച് വന്ന സുരേഷ് കുമാർ ഗൾഫ് നാട്ടിൽ ജോലിക്ക് പോയപ്പോഴും തന്റെ പിതാവ് കാട്ടിതന്ന മാതൃക കൈവിടാൻ തയ്യാറായില്ല. അത് കൊണ്ട് തന്നെ അദ്ദേഹം മസ്ക്കറ്റിൽ ജോലി ചെയ്യുമ്പോൾ തന്നെ അവിടെ നിന്ന് ലഭിച്ച അറിവുകൾ വെച്ച് തായ്ലന്റിൽ മികച്ച വിളവ് ലഭിക്കുന്ന തണ്ണിമത്തൻ വിത്ത് വരുത്തുകയും നാട്ടിൽ എത്തി അത് കൃഷി ചെയ്യുകയുമായിരുന്നു.

പത്ത് കിലോ വരെ തൂക്കം വരുന്നതും രൂചി വളരെയേറെയുള്ളതുമായ തണ്ണിമത്തനാണ് സുരേഷിന്റെ പാടശേഖരത്തിൽ വിളഞ്ഞ് കിടക്കുന്നത്. ഇതിന്റെ വിളവെടുപ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു.

കല്ലുപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുസൻ തോംസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സമീറ ഷെരീഫ്, പി.എൻ രാധാകൃഷ്ണ പണിക്കർ, ബിനു വർഗീസ്, ജി.ശശികുമാർ, ഹരിലാൽ ബാബു, രാമചന്ദ്രൻ നായർ, വി. ജെ . ജോൺസൺ
എന്നിവർ പ്രസംഗിച്ചു.

RELATED STORIES