അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷൻ

ആലപ്പുഴ:  വിവരാവകാശ നിയമ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷൻ. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എസ് ഡി രാജേഷിന് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോയ്ക്ക് 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി ലതയ്ക്ക് 2500 രൂപയുമാണ് പിഴ ശിക്ഷ. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽഹക്കിന്റേതാണ് ഉത്തരവ്.


കൊച്ചി കോർപറേഷനിൽ എസ്ഡി രാജേഷ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരിക്കെ 2015 ഒക്ടോബറിൽ കെ ജെ വിൻസന്റ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല.വിവരം നല്കാൻ കമീഷൻ നിർദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. കമീഷൻ സമൻസ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു.

കൊണ്ടോട്ടി നഗരസഭയിൽ ബോബി ചാക്കോ 2022 ഏപ്രിലിൽ ചെറുവാടി ലക്ഷ്മി നല്കിയ അപേക്ഷക്ക് വിവരം നല്കിയിരുന്നില്ല. ഇരുവരും ഏപ്രിൽ 13 നകം പിഴയൊടുക്കി ചലാൻ കമീഷന് സമർപ്പിക്കണം.വിവരം നൽകാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരം നിഷേധിച്ചതിനാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി എക്സിക്യൂട്ടീവ് എൻജിനിയർ വി ലതയ്ക്ക് പിഴ ചുമത്തിയത്.

RELATED STORIES