വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്

70 കേന്ദ്രങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കൊച്ചി, കൊയിലാണ്ടി, ഡല്‍ഹി, ചെന്നൈ, മുംബൈ ഓഫീസുകളിലാണ് പരിശോധന. ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പരിശോധന നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നാണ് വിവരം. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിന്റെ
നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. 92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിനുണ്ട് എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. വിദേശത്തു നിന്നുമടക്കം ഈ കമ്പനികളിലേക്ക് വന്‍ നിക്ഷേപം എത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം ഈ കമ്പനികളിലേക്ക് വന്നിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കൊച്ചി – ചെന്നൈ ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്.ഇപ്പോള്‍ ലണ്ടനിലുള്ള ഫാരിസ് അബൂബക്കറിനോട് എത്രയും പെട്ടെന്ന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം അടക്കം വാങ്ങി നികത്തി വന്‍കിട ഗ്രൂപ്പുകള്‍ക്ക് കൈമാറിയെന്ന പരാതിയിന്മേലാണ് പരിശോധന. ഇടപാടുകള്‍ വിദേശത്തുവെച്ച് നടത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. സ്വകാര്യ നിര്‍മ്മാണ സ്ഥാപനത്തിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. ഫാരിസുമായി ഇവര്‍ക്കുള്ള ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

RELATED STORIES