അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഭീതി

മുൻപ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. ആളുകൾ ആനയെ പ്രകോപിപ്പിച്ചോ എന്നും തമിഴ്‌നാട് പരിശോധിക്കും. നാട്ടുകാർ ആകെ പരിഭ്രാന്തിയിലാണ്.


കമ്പം ടൗണിൽ ഇന്ന് രാവിലെ എത്തിയ അരിക്കൊമ്പൻ നാട്ടുകാരെ വിരട്ടിയോടിച്ചു. ഓട്ടോറിക്ഷ അടക്കം അഞ്ച് വാഹനങ്ങൾ തകർത്തു. പേടിച്ച് ഒരാൾ വീണ് പരിക്കേൽക്കുകയും ചെയ്തു. തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിക്കുകയാണ് അരിക്കൊമ്പൻ. ടൗണിൽ പരാക്രമം തുടർന്നാൽ മയക്കു വെടി വെയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പരിഗണിക്കും. കുങ്കിയാനകളെ കൊണ്ട് കീഴടക്കി ആനപരിപാലന കേന്ദ്രത്തിലേക്ക് അരിക്കൊമ്പനെമാറ്റാൻ ആണ് നിലവിലെ ചർച്ചകൾ. കമ്പത്ത് നിന്നും നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാലിലേക്ക് ആണോ ആനയുടെ യാത്രയെന്നാണ് കേരള-തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിക്കുന്നത്. ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ നിന്നും ചിന്നക്കനാലിലേക്ക്. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ടൗണിലേക്ക് ഇറങ്ങിയത് ഇന്ന് രാവിലെയാണ്. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.

RELATED STORIES