തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്. രാജസ്ഥാൻ ജയ്പൂ‌ർ ജവഹർ സർക്കിൾ പോലീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം.


കടയിലെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന പണമാണ് അക്കൗണ്ടിലുള്ളതെന്നും അതാണ് തടഞ്ഞുവച്ചതെന്നും കടയുടമ ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ സാജിർ പറഞ്ഞു. 13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരമാണ് പോലീസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ബാങ്കിന് സൈബർ സെൽ പോലീസിൽ നിന്നുമാണ് നിർദേശം ലഭിച്ചതെന്നും കൂടുതൽ വിവരങ്ങൾ അ റിയാൻ ജയ്പൂർ ജവഹർ നഗർ സർക്കിൾ എസ് എച്ച് ഒയെ ബന്ധപ്പെടാനാണ് ആക്സിസ് ബാങ്ക് അധികൃതർ രേഖാമൂലം അക്കൗണ്ട് ഉടമയായ സാജിറിന് മറുപടി നൽകിയത്. നേരത്തേ അരിപ്പത്തിരി കച്ചവടക്കാരനായ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും പ്രതിഷേധമുയർന്നതോടെ ബാങ്ക് നടപടി പിൻവലിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ മരവിപ്പിക്കൽ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു.

RELATED STORIES