കൊവിഡിന് ശേഷം ലോകം അടുത്തൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കുമോ എന്ന് ആശങ്കകളും ചർച്ചകളും സജീവം : കാരണമായത് ഡബ്ലിയു എച്ച് ഒ യുടെ പ്രസ്താവന

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടൊരു പട്ടികയാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരമായിരിക്കുന്നത്.

ഇനിയും മുന്നോട്ട് പോകുമ്പോള്‍ ലോകം അഭിമുഖീകരിച്ചേക്കാവുന്ന മഹാമാരികള്‍ക്ക് കാരണമായി വരാവുന്ന രോഗങ്ങളുടെ പട്ടികയായിരുന്നു ഇത്. എബോള വൈറസ്, സാര്‍സ്, സിക, ലാസ്സ ഫീവര്‍, നിപ, ഹെനിപവൈറല്‍ രോഗങ്ങള്‍, ക്രിമീൻ- കോംഗോ ഹെമറേജിക് ഫീവര്‍, മാര്‍ബര്‍ഗ് വൈറസ്, റിഫ്റ്റ് വാലി ഫീവര്‍ എന്നിങ്ങനെ ഒരുപിടി രോഗങ്ങളുടെ പേര് പുറത്തുവിട്ടതിനൊപ്പം ‘ഡിസീസ് എക്സ്’ എന്നൊരു രോഗവുമുണ്ടായിരുന്നു.

ഇതില്‍ ‘ഡിസീസ് എക്സ്’ എന്നാല്‍ ഇപ്പോഴും അജ്ഞാതമായ രോഗമെന്ന് ചുരുക്കം. എന്നാലീ ‘ഡിസീസ് എക്സ്’ വിശേഷണം ഏവരെയും ആശങ്കപ്പെടുത്തുന്നതിന് പിന്നിലൊരു കാരണമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ലോകം നേരിട്ടേക്കാവുന്ന മഹാമാരിയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ലോകാരോഗ്യ സംഘടന, അജ്ഞാതമായ രോഗകാരിയെ ‘എക്സ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകം കൊവിഡ് 19 മഹാമാരി നേരിട്ടത്.

അജ്ഞാതമായ രോഗകാരി ആയതിനാല്‍ തന്നെ ഇത് ഏതെങ്കിലും തരത്തിലുള്ള വൈറസോ ഫംഗസോ ബാക്ടീരിയയോ എന്തുമാകാം. ഇവയിലേത് തന്നെ ആയാലും മനുഷ്യരാശിക്ക് ഇത് പുതിയതായിരിക്കും. ലോകാരോഗ്യ സംഘടന പുറത്തുവിട്ട പട്ടികയിലെ മറ്റ് രോഗങ്ങളെല്ലാം തന്നെ പല രാജ്യങ്ങള്‍ക്കും ഇതിനോടകം സുപരിചിതമാണ്.

RELATED STORIES