ആശ്രിത വിസയ്ക്ക് നിയന്ത്രണം നടപ്പാക്കാൻ ഒരുങ്ങുകയാണ് യുകെ

വിദേശ വിദ്യാർത്ഥികളുടെ ആശ്രിത വിസയ്ക്ക് നിയന്ത്രണം നടപ്പാക്കാൻ ഒരുങ്ങുകയാണ് യുകെ. പുതിയ തീരുമാന പ്രകാരം ഗവേഷണ സ്വഭാവമുള്ള കോഴ്സുകൾ പഠിക്കാനെത്തുന്നവർക്ക് മാത്രമായിരിക്കും ഇനി മുതൽ ആശ്രിത വിസ ലഭിക്കുക. യുകെയിലേക്കുള്ള കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ രാജ്യം ഒരുങ്ങുന്നത്. തീരുമാനം ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡി വർക്കിന് കീഴിൽ 2022 ൽ ഏറ്റവും കൂടുതൽ പേർ യുകെയിൽ എത്തിയത് ഇന്ത്യയിൽ നിന്നാണ്, അതായത് 42 ശതമാനം പേർ. ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിലും 63 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കണക്കുകൾ. അതേസമയം ആശ്രിതരെ കൊണ്ടുവരുന്നതിൽ ഏറ്റവും മുന്നിൽ നൈജീരിയ ആണ്. തൊട്ട് പിന്നാല ഇന്ത്യയും പാക്കിസ്ഥാനും. പുതിയ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മോഹങ്ങൾക്ക് തിരിച്ചടിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ തങ്ങളുടെ ആശ്രിതരായി കുടുംബാംഗങ്ങളെയും, കുട്ടികളെയും രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിനാണ് ഇനി മുതൽ കർശന നിയന്ത്രണം ഉണ്ടാകുക. ഇനി ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ പഠിക്കുന്നവർക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാൻ സാധിക്കുക. അതേസമയം യുകെയിലെ ഉന്നത സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അനുവാദം നൽകിയേക്കും. മികച്ച വിദ്യാർത്ഥികൾക്ക് ഇത് സംബന്ധിച്ച് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നിരുന്നാലും ആർക്കൊക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നും ഇതരമാർഗം എന്തായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല.


അടുത്തവർഷം ജനവരി മുതൽ ആയിരിക്കും നിയന്ത്രണം കർശനമാക്കുകയെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

വിദ്യാർഥി വിസയിലെത്തിയാൽ പഠനം പൂർത്തിയാക്കാതെ ഇനി വർക്ക് വിസയിലേക്ക് മാറാനായേക്കില്ല. കുടുംബത്തെ പരിപാലിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി കൊണ്ട് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന ഫണ്ട് സംബന്ധിച്ചും സർക്കാർ അവലോകനം നടത്തും. അതേസമയം പുതിയ നിയന്ത്രണങ്ങൾ നിലവിലെ വിദ്യാർത്ഥികളെ ബാധിക്കില്ല.

RELATED STORIES