പാര്‍ലമെന്റിന്റെ അഞ്ചു ദിവസം നീളുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

22 വരെയാണ് സഭ ചേരുക. അതേസമയം സമ്മേളന അജണ്ട സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നുവെന്ന ആക്ഷേപം തുടരുകയാണ്. സഭാ സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാര്‍ നീക്കത്തിലെ സുതാര്യമില്ലായ്മയും അജണ്ടയിലെ ദുരൂഹതയും ഉന്നയിച്ച് ആഞ്ഞടിച്ചു. സഭ ചേരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുപോലും അജണ്ടയിലെ അവ്യക്തത നീക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പാരമ്പര്യം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം എന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ സഭാ സമ്മേളനത്തില്‍ നിന്ന് ഒരു ദിവസം പോലും വിട്ടു നില്‍ക്കരുതെന്ന് കാണിച്ച് ഇരു സഭകളിലും ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പു നല്‍കിയത് കേന്ദ്ര നീക്കത്തില്‍ സംശയം ജനിപ്പിക്കുന്നുണ്ട്.

തന്ത്രപ്രധാന ബില്ലുകളും അവിശ്വാസ പ്രമേയവും പരിഗണനക്കു വരുമ്പോഴുമാണ് സാധാരണ വിപ്പു നല്‍കാറ്. പാര്‍ലമെന്ററി പാരമ്പര്യം സംബന്ധിച്ച ചര്‍ച്ചയില്‍ വോട്ടെടുപ്പിന് സാധ്യതയില്ലെന്നിരിക്കെ എന്തിനാണ് വിപ്പ് എന്ന ചോദ്യമാണ് ഉയരുന്നത്. പുറത്തുപറഞ്ഞ അജണ്ടക്കു പുറത്ത് മറ്റു വിഷയങ്ങള്‍ കേന്ദ്രം പരിഗണനക്കെടുക്കുമോ എന്ന ചോദ്യം ഇതോടെ സജീവമാണ്. ഇന്ന് പഴയ മന്ദിരത്തിലാണ് സഭ സമ്മേളിക്കുന്നതെങ്കിലും നാളെ മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറും.

പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ 24 കക്ഷികള്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ വനിതാ സംവരണ ബില്‍ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്‍.ഡി.എയിലെ ചില ഘടകക്ഷികളും ഇതിനെ പിന്തുണക്കുന്നുണ്ട്. അദാനി, മണിപ്പൂര്‍ വിഷയങ്ങളും സഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES