ഇസ്രയേലില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട പലസ്തീനികളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നു പിടികൂടി ജയിലിലടയ്‌ക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വളരെ അധികം വര്‍ധിച്ചതായി അല്‍ ജസീറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനികളുടെ എണ്ണം പതിനായിരം കടന്നതായാണ് പലസ്തീന്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

ഇസ്രയേല്‍ ഭൂപ്രദേശങ്ങളില്‍ ജോലിചെയ്ത് വന്നിരുന്ന പലസ്തീനികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നാലായിരത്തോളം പലസ്തീന്‍ തൊഴിലാളികളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തതായും സന്നദ്ധ സംഘടകളുടെ കണക്കുകള്‍ പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രയേല്‍ സൈന്യം നടത്തിയ കടന്നാക്രമണത്തിന് പിന്നാലെ ഒറ്റ രാത്രിയില്‍ 1000-ല്‍ പരം പലസ്തീനികളെയും അറസ്റ്റ് ചെയ്തിരുന്നു.

മുന്‍ കാലങ്ങളില്‍ തടവിലാക്കപ്പെട്ടവരുടെ എണ്ണം പ്രതിദിനം 15 മുതല്‍ 20 എന്ന കണക്കിലായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍ വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജറുസലേമില്‍ നിന്നും ഇസ്രയേല്‍ ബന്ദിയാക്കിയ പലസ്തീനികളുടെ എണ്ണം പ്രതിദിനം 120 ആയി ഉയര്‍ന്നതായാണ് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ഇസ്രയേല്‍ പോലീസ് അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

RELATED STORIES