തകഴി റെയിൽവെ ക്രോസ് മേൽപാലം ; 10 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുമെന്ന് ആർ.ബി.ഡി.സി.കെ
Reporter: News Desk 23-Oct-20232,248
തകഴി: ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കുന്നതിന് മേൽപ്പാലം നിർമ്മിക്കുന്നതിന് 10 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് മാത്രം വേണ്ടി വരുമെന്ന് റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്‌മെൻ്റ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) വ്യക്തമാക്കി.
എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് രൂപികരിച്ച
തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സംമ്പാദക സമിതിയുടെ ചെയർമാനും എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുള സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയ്ക്കും എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്കും രേഖ മൂലം റിപ്പോർട്ട് നല്കിയത്.
തകഴിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനും ഭൂമി ഏറ്റെടുക്കലിനും കൂടി 30 കോടി രൂപ അനുവദിക്കുന്ന കാര്യം സർക്കാർ തലത്തിൽ തീരുമാനിക്കേണ്ടതാണെന്നും ആർ.ബി.ഡി.സി.കെ യെ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചാൽ മാത്രമെ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കിയെങ്കിലും നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി.മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്ന തുക.ആദ്യഘട്ട ജോലിക്ക് സംസ്ഥാന സർക്കാരിൻ്റെ വിഹിതമായ 17.97 കോടി രൂപ അനുവദിക്കണമെന്നും റെയിൽവേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും റെയിൽ വേ പാലം നിർമ്മിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പിടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പത്ര സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ സ്ഥലമെടുപ്പിൻ്റെ ആവശ്യമായ തുകയെ സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വർദ്ധിച്ചു വരുന്ന യാത്ര തടസ്സങ്ങൾ ഒഴിവാക്കുന്നതിന് തകഴി റെയിൽവേ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 3ന് തകഴി റെയിൽവേ ഗേറ്റിന് സമീപം നിൽപ്പ് സമരം നടത്തിയിരുന്നു.ആഗസ്റ്റ് 4ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം,ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ ചേർന്ന് നിവേദനം നല്കിയിരുന്നതാണ്.