വീണാ വിജയന്‍ ജി.എസ്.ടി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി

വിശദാംശം ലഭ്യമാകും വരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയനിഴലില്‍ തന്നെയാണ്. മാത്യു കുഴല്‍നാടന്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ ജോസഫിനെ അപമാനിച്ചതില്‍ എം.എം മണിക്കു വേണ്ടി മുഖ്യമന്ത്രി മാപ്പ്‌ചോദിക്കേണ്ടതാണ്. മണിയെ സിപിഎം കൂലിത്തല്ലിന് വിട്ടപോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണം. ഇപ്പോള്‍ യുദ്ധക്കളത്തിലാണ്. അതിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണം. ഒരു അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് യു.ഡി.എഫ് പോരാടുന്നത്.

പൗരത്വ വിഷയത്തില്‍ എടുത്ത നിലപാട് പലസ്തീന്‍ വിഷയത്തില്‍ സിപിഎം എടുക്കുന്നില്ല. ഹമാസിന് ഉപാധികളോടെയാണ് പിന്തുണ. ബിജെപിയെ പ്രണീതിപ്പിക്കുന്ന സമീപനമാണ്. ജെഡിഎസ് കേന്ദ്ര ഘടകത്തിനൊപ്പമാണ് സിപിഎം. ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ഇവിടുത്തെ ജെഡിഎസിനെ കണക്കിലെടുക്കുന്നില്ല. ഈ ലോക്‌സഭ തിരഞ്ഞെടുപ്പ്്കഴിയുന്നവരെ ലാവ്‌ലിന്‍ കേസ് വെളിച്ചം കാണാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരതിന്റെ പേരില്‍ യാത്രക്കാരെ ശ്വാസംമുട്ടിക്കരുതെന്ന് കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തുനല്‍കിയിട്ടുണ്ട്. രണ്ട് അതിവേഗ ട്രെയിന്‍ വന്നപ്പോള്‍ മറ്റ് ട്രെയിനുകളുടെ വേഗത നഷ്ടപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES