ചെറിയ ആശ്വാസം : സംസ്ഥാനത്ത് അരി വില കുറഞ്ഞു

ഗുണംകുറഞ്ഞ ജയ അരിക്ക് പെരുമ്പാവൂരിലെ മൊത്തവ്യാപാര വിലയനുസരിച്ച് കിലോഗ്രാമിന് 38 വരെയെത്തി.

ഉപഭോഗത്തിൽ രണ്ടാംസ്ഥാനത്തുള്ള മട്ടയരിയുടെ വില മൂന്നുരൂപവരെ കുറഞ്ഞു. ജ്യോതി ഇനം വടിമട്ടയുടെ വില ഗുണനിലവാരമനുസരിച്ച് 56ൽ നിന്ന് 49 മുതൽ 53 വരെയായി. ഉണ്ടമട്ടയുടെ 40 മുതൽ 46 വരെയിൽ നിന്ന് വില 38 മുതൽ 43 വരെയായി. കുറുവ അരിയുടെ വില 45-ൽനിന്ന് 42 ആയി. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ജയ അരിയും മട്ട അരിയുമാണ്.

ജയ അരി കേരളത്തിലേക്ക് വന്നിരുന്ന ആന്ധ്രാപ്രദേശിൽ സർക്കാർ നെല്ലുസംഭരണം തുടങ്ങിയതോടെ അവിടെ പൊതുവിപണിയിൽ നെല്ലും അരിയും കിട്ടാതെയായി. കർണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിയിരുന്ന ജ്യോതി അരി ശ്രീലങ്കയിലേക്ക് കയറ്റുമതി തുടങ്ങിയതോടെ അതും കിട്ടാതായി. ഇതോടെയാണ് മുമ്പ് വിലയുയർന്നത്.

ഇപ്പോഴുണ്ടായ വില കുറവിനുപുറമേ അരിവില ഇനിയും കുറയുെമന്നാണ് വിപണികേന്ദ്രങ്ങൾ നൽകുന്ന സൂചന.

RELATED STORIES