ശ്രദ്ധിക്കുക സംസ്ഥാനത്ത് ഇനി രണ്ട് ഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം നടത്തുക

സര്‍ക്കാരിന്റെ റേഷന്‍ വിതരണ രീതിയുടെ പരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണിത്. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്‌ക്കാനും വേണ്ടിയാണ് പുതിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.

നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനം വരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. എന്നാല്‍ പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണ് റേഷന്‍വ്യാപാരികള്‍ പറയുന്നത്. 15-നു മുന്‍പ് റേഷന്‍വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണു കാരണം.

അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എന്‍പിഐ റേഷന്‍കാര്‍ഡുകള്‍ നിലവിലുണ്ട്. ഇവരുടെ റേഷന്‍ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു.

RELATED STORIES