കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ ഹാളിൽ ഉഗ്രസ്ഫോടനം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന ഹാളിൽ  സ്ഫോടനം. ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 9.30 ഓടെയാണ് സ്ഫോടനം നടന്നത്. സമ്മേളനത്തിനിടെ ഒന്നിലധികം സ്ഥലത്ത് സ്ഫോടനം നടന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്ത സമാറ ഇന്‍റർ നാഷണലെന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രാർത്ഥന യോഗത്തിനിടയിലാണ് സ്ഫോടനം.

പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചത്. കൺവെൻഷൻ്റെ അവസാനദിനമാണിന്ന്.

ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം എന്നത് അടക്കമുള്ള നിഗമനങ്ങളുണ്ട്. പൊലീസ് പരിശോധനയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES