കളമശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രത

കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകളിലും ഷോപ്പിംഗ് മാളുകളിലും റെയിൽവെ സ്റ്റേഷനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ഹെലികോപ്റ്ററിൽ സൈന്യം നിരീക്ഷണ പറക്കലും നടത്തി. ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാർ ചെക്ക്പോസ്റ്റുകളിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.

പരുമല പെരുന്നാളും തീർത്ഥാടന യാത്രകളും നടക്കുന്ന പത്തനംതിട്ട തിരുവല്ല പരുമലയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പരുമലയിൽ ഓർത്തഡോക്സ് സഭ തീർത്ഥാടകർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

അന്യസംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആളുകളുടെ യാത്ര രേഖകൾ, ഐഡന്‍റിറ്റി, ഫോൺ നമ്പർ, വണ്ടി നമ്പർ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഇതിനോടൊപ്പം സമാന്തര പാതകൾ കേന്ദ്രീകരിച്ച് വാഹന പട്രോളിങ്ങും നടത്തും. അതേസമയം, കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു.

RELATED STORIES