കളമശേരി സംഭവത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ കീഴടങ്ങിയെങ്കിലും ദുരൂഹത ബാക്കി
Reporter: News Desk 30-Oct-20232,228
സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള മാര്‍ട്ടിന് എങ്ങനെ ബോംബുണ്ടാക്കി കൃത്യമായി സ്‌ഫോടനം ആസൂത്രണം നടത്താനായി എന്നതാണു പോലീസിനെ കുഴയ്ക്കുന്നത്. കൃത്യം ചെയ്തതു മാര്‍ട്ടിന്‍ തനിച്ചാണോ എന്നതാണു പ്രധാന സംശയം. മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്നതും നിര്‍ണായകമാണ്.
ആളപായം ഉണ്ടാകുന്ന രീതിയില്‍ കൃത്യമായി സ്‌ഫോടനം നടത്താന്‍ മുന്‍പരിചയം ആവശ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു ബോംബ് സ്ഫാടനം നടത്താന്‍ കൃത്യമായ പരിശീലനം ആവശ്യമാണ്. ഓഡിറ്റോറിയത്തിനുള്ളില്‍ വച്ചാകണം റിമോട്ട് അമര്‍ത്തിയത്. സ്‌ഫോടന വസ്തുക്കളെപ്പറ്റി മുന്‍ സൈനികര്‍ക്കും പോലീസുകാര്‍ക്കും ധാരണയുണ്ടാകും.
എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത, ഹിന്ദി അധ്യാപകനായിരുന്ന മാര്‍ട്ടിനു എങ്ങനെ കഴിയുമെന്ന ചോദ്യം ബാക്കിയാണ്. മൂന്നു സ്‌ഫോടനങ്ങള്‍ കൃത്യമായി നടത്തുന്നതു വൈദഗ്ധ്യം ആവശ്യമാണെന്നാണു പോലീസിന്റെ നിഗമനം. സാങ്കേതിക വിദ്യാഭ്യാസമില്ലാത്തയാള്‍ക്ക് ഇന്റര്‍നെറ്റ് സഹായത്തോടെ മാത്രം ഇതു ചെയ്യാനാകില്ല. എന്നിട്ടും കൃത്യമായി സ്‌ഫോടനം നടപ്പാക്കിയതു പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ബോബ് നിര്‍മിക്കാനുള്ള വസ്തുക്കള്‍ എവിടെനിന്നു കിട്ടിയെന്നതും പ്രധാനമാണ്. കൊച്ചിയിലെ പടക്കക്കടയില്‍നിന്നു വാങ്ങിയെന്നു മാര്‍ട്ടിന്‍ പറയുന്നു. നാട്ടില്‍ ലഭ്യമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പരസഹായം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ആളുകള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ ബോംബ് വച്ചതു കൂടുതല്‍ പേരുടെ മരണം ലക്ഷ്യമിട്ടാകണമെന്നും പോലീസ് സംശയിക്കുന്നു. ബോംബ് റിമോട്ട് സെന്‍സര്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ആവശ്യമാണെന്നു പോലീസ് കരുതുന്നു. ആളപായമുണ്ടാകണമെങ്കില്‍ സ്‌ഫോടനം കൃത്യമായിരിക്കണം.
തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ കോവിഡ് കാലത്താണു പൊന്നുരുന്നി അഞ്ചുമുറിയില്‍ സ്‌പോക്കണ്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങിയത്. അവിടെ മാര്‍ട്ടിന്‍ ഹിന്ദിയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ മറ്റൊരാളെ നിയോഗിച്ചു. പിന്നീട് വിദേശത്തുപോയി. രണ്ടുമാസം മുമ്പാണ് ദുബായിയില്‍നിന്നു തിരിച്ചെത്തിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാരുന്നു തൊഴില്‍. ഡങ്കിപ്പനിമൂലം മകള്‍ ആശുപത്രിയിലായതറിഞ്ഞാണു നാട്ടിലെത്തിയത്. മാര്‍ട്ടിന്റെ ബോംബു നിര്‍മ്മാണത്തെപ്പറ്റി വീട്ടുകാര്‍ക്കു യാതൊരറിവുമില്ല. വിവരമറിഞ്ഞു ഭാര്യയും മകളും അമ്പരപ്പിലാണ്. വീട്ടിലും അസംസ്‌കൃത വസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല.
മറ്റെവിടെയോ വച്ചു ബോംബുണ്ടാക്കാന്‍ പരിശീലിച്ചശേഷം അവിടെവച്ചുതന്നെ നിര്‍മിച്ചെന്നാണു കരുതുന്നത്. ഇന്നലെ രാവിലെ അഞ്ചുമണിക്കു വീട്ടില്‍നിന്നു പുറത്തുപോയ മാര്‍ട്ടിനെ വീട്ടുകാര്‍ പിന്നീടു കാണുന്നതു സ്‌ഫോടനവിവരം വെളിപ്പെടുത്തിയുള്ള വീഡിയോയിലൂടെയാണ്. വീഡിയോ ചെയ്യും മുമ്പായി ഭാര്യയെ വിളിച്ചതായും ഫോണില്‍ കിട്ടിയില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. തുടര്‍ന്നു മകള്‍ക്കു മെസേജ് അയച്ചതായും മാര്‍ട്ടിന്‍ പോലീസിനോടു പറഞ്ഞു.