ദുബൈയിൽ ഇ-സ്‌കൂട്ടറിലേക്ക് മാറുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

കഴിഞ്ഞ വർഷത്തേക്കാൾ 27 ശതമാനം ആളുകളാണ് ഇത്തവണ ഇലക്‌ട്രിക്‌ സ്‌കൂട്ടറിലേക്ക് ചുവട് മാറിയത്. ട്രാഫിക് കുരുക്കുകള്‍ മറികടക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇ-സ്‌കൂട്ടറുകള്‍ സഹായകരമാണെന്നതാണ് ആളുകളെ കൂടുതലായി ഇലക്‌ട്രിക്‌ സ്കൂട്ടറിലേക്ക് ആകർഷിപ്പിക്കുന്നത്. ദുബൈയിൽ ആറ് മാസത്തിനിടെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണം 2.91 ലക്ഷം ആയി വർധിച്ചു.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നതിന് ആർ.ടി.എയിൽ നിന്ന് പെർമിറ്റ് എടുക്കണം. ഇതുവരെ 63,516 സ്കൂട്ടർ പെർമിറ്റുകൾ നൽകിയതായി ആർ.ടി.എയിലെ ട്രാഫിക് എക്സിക്യൂട്ടീവ് ഡയറക്ടർ ബദർ അൽസീരി അറിയിച്ചു. 2022 ഏപ്രിൽ മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വ്യവസ്ഥകളോടെ ഓൺലൈൻ വഴി പെർമിറ്റ് നൽകുന്നുണ്ട്.

ദുബൈയിൽ ഇ-സ്‌കൂട്ടർ റൈഡർമാർ സുരക്ഷിതരാണെന്നും മറ്റ് റോഡ് ഉപയോക്താക്കൾക്ക് അവ അപകടകരമല്ലെന്നും ഉറപ്പാക്കാൻ പാലിക്കേണ്ട ചില പ്രധാന നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ എല്ലാ സുരക്ഷാ നിയമങ്ങളും ട്രാഫിക് മര്യാദകളും പാലിക്കണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ത്ഥിച്ചു. അനുവദിക്കപ്പെട്ട പാതകളില്‍ കൂടി മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള റോഡുകളില്‍ സഞ്ചരിക്കരുത്. ഹെല്‍മെറ്റുകളും റിഫളക്റ്റീവ് ജാക്കറ്റുകളും ധരിക്കണം. ട്രാഫിക് ലൈറ്റുകളും മറ്റ് റോഡ് അടയാളങ്ങളും കൃത്യമായി പാലിക്കുക. ഇല്ലെങ്കിൽ ഫൈൻ അടച്ച് പോക്കറ്റ് കാലിയാകും.

RELATED STORIES