ഇപ്പോഴിതാ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് മറ്റൊരു തട്ടിപ്പ് വാർത്ത പുറത്തുവന്നിരിക്കുകയാണ്

കൊല്ലം സ്വദേശിയായ യുവാവിനാണ് ഓൺലൈൻ തട്ടിപ്പിലൂടെ 1.2 കോടി രൂപ നഷ്ടമായത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തതിനുശേഷം, തട്ടിപ്പ് നടത്തുന്നതാണ് പുതു രീതി. ഇത്തരത്തിൽ കൊല്ലം സ്വദേശിയായ 35-കാരനായ വ്യവസായി ചൈനീസ് ക്രിപ്റ്റോ കറൻസി തട്ടിപ്പിനാണ് ഇരയായത്. 2023 ജൂണിലാണ് തട്ടിപ്പിന്റെ തുടക്കം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ക്രിപ്റ്റോ കറൻസിയെ കുറിച്ച് വമ്പൻ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ്. തുടർന്ന് ഇരയായ വ്യക്തിയെ പ്രത്യേക ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് കനത്ത ആദായമാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്തത്.

ആദ്യ ഘട്ടത്തിൽ ലാഭം കിട്ടിയ വിവരങ്ങൾ പങ്കുവെച്ചാണ് യുവാവിന്റെ വിശ്വാസം നേടിയെടുത്തത്. പണം പിൻവലിക്കാൻ സർവീസ് ചാർജും നികുതിയും അടക്കം 30 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം യുവാവ് മനസ്സിലാക്കുന്നത്. എന്നാൽ, ചുരുങ്ങിയ മാസത്തിനുള്ളിൽ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.2 കോടി രൂപയോളം യുവാവിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് പൗരന്മാരും, ഇന്ത്യക്കാരും ഉൾപ്പെടെ നിരവധി പേർ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന സൈബർ അന്വേഷണ സംഘം വ്യക്തമാക്കി.

RELATED STORIES