പണി കിട്ടും എന്ന് ഉറപ്പ് ആയപ്പോൾ ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയന്‍ മടക്കിനല്‍കി

ആലുവ സ്വദേശി മുനീറാണ് ബിഹാര്‍ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നല്‍കിയത്. ഇയാള്‍ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതില്‍ 70000 മടക്കിനല്‍കിയെന്നും ബാക്കി നല്‍കാനുണ്ടെന്നുമായിരുന്നു കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ പരാതി.

എന്നാല്‍, വാര്‍ത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയന്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാവില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. മുനീറിന്റെ ഫോണ്‍ സംഭാഷണം പരാതിക്കാരന്‍ റെക്കോര്‍ഡ് ചെയ്തു. തനിക്ക് കളവ് പറയാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവാണ് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്നത്. കുട്ടി മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് മുന്നില്‍ നിന്ന ആലുവയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവായ മുനീറെന്ന യുവാവാണ് പ്രതിസ്ഥാനത്ത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 1.2 ലക്ഷം രൂപ പലപ്പോഴായി പിന്‍വലിച്ച മുനീര്‍ ഈ തുക മടക്കി നല്‍കിയില്ല. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് 70000 രൂപ ഇയാള്‍ നല്‍കിയത്. എന്നിട്ടും ബാക്കി തുക നല്‍കാന്‍ തയ്യാറായില്ല.

പണം എടിഎമ്മില്‍ നിന്ന് എടുത്ത് നല്‍കി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീര്‍, പറ്റിച്ചുവെന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. കുട്ടി മരിച്ച ഘട്ടത്തിലൊന്നും തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയില്ലെന്നും ഇപ്പോഴാണ് മുനീര്‍ പണം തട്ടിയെന്ന് മനസിലായതെന്നും പറഞ്ഞ പരാതിക്കാരന്‍ സംഭവത്തില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നല്‍കാനുള്ള 50000 രൂപ കൂടി മുനീര്‍ തിരിച്ച് നല്‍കിയത്.

RELATED STORIES