വിദേശരാജ്യങ്ങളില്‍ വെച്ച് ഇന്ത്യന്‍ കുടുംബങ്ങള്‍ വിവാഹം നടത്തുന്നതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മന്‍ കി ബാത്തിന്റെ 107-ാം എഡിഷനിലൂടെയാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. വലിയ കുടുംബങ്ങള്‍ ഇപ്പോള്‍ വിദേശത്ത് വെച്ചാണ് വിവാഹങ്ങള്‍ നടത്തുന്നതെന്നും അത് ഒഴിവാക്കി ഇന്ത്യയില്‍ വെച്ച് ഇത്തരം ആഘോഷങ്ങള്‍ നടത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ പണം മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകുന്നത് തടയാനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ബിസിനസ് ഈ വര്‍ഷം നടന്നിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിവാഹത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശത്ത് വിവാഹം നടത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് ഇത്തരം കല്യാണങ്ങള്‍ നമ്മുടെ നാട്ടില്‍ നടത്തിക്കൂടാ എന്നും പ്രധാനമന്ത്രി ചോദിച്ചു.

‘വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം കുറച്ചുകാലമായി എന്നെ അലട്ടുകയാണ്. എന്റെ വേദന എന്റെ കുടുംബാംഗങ്ങളുമായി പങ്കുവെച്ചില്ലെങ്കില്‍ മറ്റാരോടാണ് ഞാന്‍ ഇക്കാര്യം പറയുക? ഈ ദിവസങ്ങളില്‍ പല വലിയ കുടുംബങ്ങളും വിദേശത്തുവെച്ച് വിവാഹം നടത്തുന്നതായി അറിഞ്ഞു. അത് അത്ര നിര്‍ബന്ധമുള്ള കാര്യമാണോ?’- മോദി പറഞ്ഞു.

RELATED STORIES