മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടു

പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ടു വർഷം മുൻപത്തെ പ്രഖ്യാപനം , പ്രഖ്യാപനമായി തന്നെ ഇപ്പോഴും തുടരുന്നു. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങൾക്കു മുൻപേ കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കടന്നുവെങ്കിലും പരിശോധിക്കാനാകാതെ ബുദ്ധിമുട്ടിലാണ് കേരളം

2021 ഒക്ടോബർ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു വിട്ടപ്പോഴായിരുന്നു ഇത്. രണ്ടു വർഷം കഴിയുമ്പോൾ ബോട്ട് കിട്ടിയില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ജീപ്പ് പോലും കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കഴിഞ്ഞതോടെ ഓരോ മണിക്കൂറും വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണം. ഇതിനായി രണ്ടു ജീവനക്കാരെ നിയോഗിച്ചു. ഇവർക്ക് ഓരോ ദിവസവും അണക്കെട്ടിലേക്ക് പോകാൻ ഏക ആശ്രയം ജലസേചന വകുപ്പിൻറെ ജീപ്പ് മാത്രമാണ്. കട്ടപ്പന സബ് ഡിവിഷനിലെ മറ്റു ജോലികൾക്കിടെ സമയം കണ്ടെത്തി വേണം ജീപ്പെത്തിക്കാൻ.

മുമ്പുണ്ടായിരുന്ന ഒരു ജീപ്പ് പതിനഞ്ച് വ‍ർഷം കഴിഞ്ഞതിനാൽ കണ്ടം ചെയ്തിട്ട് മാസങ്ങളായി. അവശേഷിക്കുന്ന ഈ ജീപ്പിന്റെ ആയുസ്സ് ജനുവരിയോടെ അവസാനിക്കും. ഇതോടെ ജലസേചന വകുപ്പിന് ഇടുക്കിയിലുള്ള ഏക വാഹനവും ഇല്ലാതാകും. കണ്ടം ചെയ്ത ജീപ്പിനു പകരം വാടകക്ക് വാഹനം എടുക്കാനുള്ള നടപടികളും വിജയിച്ചില്ല. തേക്കടിയിൽ നിന്നും ബോട്ടു മാർഗ്ഗം അണക്കെട്ടിലെത്താൻ വർഷങ്ങൾക്കു മുമ്പ് ഒരു സ്പീഡ് ബോട്ട് വാങ്ങിയിരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇത് ഉപയോഗിക്കാൻ കഴിയാതെയായി. വെള്ളത്തിൽ കിടന്നു നശിക്കുകയാണിപ്പോൾ.

RELATED STORIES