മലക്കപ്പാറയില്‍ അസുഖ ബാധിതയായി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു

വീരന്‍കുടി ഊരിലെ കമലമ്മ പാട്ടി (94) ആണ് മരിച്ചത്. തിങ്കളാഴ്ച പ്രത്യേക മെഡികല്‍ സംഘം ഊരിലെത്തി ഇവര്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം പക്ഷാഘാതം പിടിപെട്ടായിരുന്നു കമലമ്മ പാട്ടി അവശനിലയിലായത്. ഇതിനിടയില്‍ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെയും ആദിവാസി വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

സംഭവം വാര്‍ത്തയായതോടെ, മന്ത്രി കെ രാധാകൃഷ്ണനും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയും ഇടപെട്ട് മെഡികല്‍ സംഘത്തെ ഊരിലേക്ക് അയക്കുകയായിരുന്നു. ഇവര്‍ക്കാവശ്യമായ ചികില്‍സ നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കമലമ്മ പാട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലക്കപ്പാറയില്‍ നിന്നും നാലുകിലോമീറ്റര്‍ ഉള്ളിലാണ് വീരന്‍കുടി ആദിവാസി ഊരുള്ളത്. ഊരിലേക്കെത്താന്‍ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ല. ആദിവാസി വകുപ്പിന്റെ ഭാഗത്തുനിന്ന് ഈ ഭാഗത്തേക്ക് യാതൊരുവിധ ശ്രദ്ധയും എത്തുന്നില്ലെന്ന് പലതവണ ഊരിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ അസുഖബാധിതരാകുന്നവരെ നാലുകിലോമീറ്ററോളം കാട്ടിലൂടെ ചുമന്നാണ് പുറത്തെത്തിക്കുന്നത്. അതിന് ആളുകള്‍ ഇല്ലാത്തതിനാലാണ് കമലമ്മ പാട്ടിക്ക് ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ഊരിലുള്ളവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു.

RELATED STORIES