കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് ആറു വയസുകാരിയുടെ മൊഴി. പോകുന്നവഴിയില്‍ പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്ന് കുട്ടി പറയുന്നു.

പിറ്റേദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരെ കണ്ടെന്നും മൊഴി. ആശ്രാമം മൈതാനത്ത് വിട്ടപ്പോള്‍ പപ്പ വരുമെന്ന് അറിയിച്ചെന്ന് കുട്ടി പറയുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രമാണ് പുറത്തുവിട്ടത്.

കുട്ടി പറഞ്ഞവിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. സംഘത്തിലുള്ള അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് കുട്ടി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.

പിതാവിന്റെ പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ നിന്ന് ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. സാധരണ നടപടിയുടെ ഭാഗമെന്നാണ് പൊലീസിന്റെ വിശദീകരണം. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

RELATED STORIES