ഡ്രോണുകൾ പറക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആന്റി ഡ്രോൺ സാങ്കേതികവിദ്യ വാങ്ങാൻ ഉള്ള ഒരുക്കത്തിലാണ് പൊലിസ്

അനുവാദമില്ലാതെ പറക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കി താഴെയിറക്കുന്ന സാങ്കേതിക വിദ്യയാണ് ആന്റി ഡ്രോൺ സാങ്കേതികവിദ്യ. ഡ്രോൺ പറന്നുയരുമ്പോൾ തന്നെ റേഡിയോ ഫ്രീക്വൻസി അനലൈസറും മറ്റു സെൻസറുകളും ഉപയോഗിച്ച് അതിനെ നിർവീര്യമാക്കാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വിഐപികളുടെ സന്ദർശനം തുടങ്ങും മുൻപ് ഈ ഉപകരണം എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. 20 ആന്റി ഡ്രോണുകളാകും ഇതിനായി വാങ്ങുക. പൊതുയോഗങ്ങളിലും മറ്റും പറന്നെത്തുന്ന ഡ്രോണുകൾ സുരക്ഷാ സേനകൾക്ക് ആശങ്കയുണ്ടാക്കാറുണ്ട്. വിഐപികൾ പങ്കെടുക്കുന്ന പൊതുയോഗം, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന രീതിയിലുള്ള ആൾക്കൂട്ടം, അതീവ സുരക്ഷ വേണ്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കു വേണ്ടിയാണ് ഇതു വാങ്ങുന്നത്.

രാജ്യത്തെ സൈബർ സെക്യൂരിറ്റി സംവിധാനവും സുരക്ഷയ്ക്കുള്ള സാങ്കേതിക മികവും വർധിപ്പിക്കുന്നതിനു സംസ്ഥാനങ്ങൾക്കായി 500 കോടി രൂപ കേന്ദ്രസർക്കാർ മാറ്റിവച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ചാകും 20 ആന്റി ഡ്രോൺ പൊലിസ് വാങ്ങുക. 60 ലക്ഷത്തോളം രൂപയാണ് ഒരു ഉപകരണത്തിനു വേണ്ടിവരിക. എല്ലാ ജില്ലയിലും വാങ്ങുന്നതിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.

RELATED STORIES