കേരളത്തിന്‍റെ പ്രിയങ്കരനായ ജനനേതാവ് ഇ കെ നായനാർ ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് ദശാബ്ദം പൂർത്തിയാവുന്നു

2004ല്‍ ഇടതുപക്ഷത്തിന്‍റെ കൂടി പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ചരിത്രദിനത്തിലായിരുന്നു നായനാരുടെ വിടവാങ്ങല്‍. രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന്‍റെ കൂടി നടുവില്‍ നില്‍ക്കുമ്പോ‍ഴാണ് നായനാരുടെ ഓര്‍മ്മദിനവും കൂടി എത്തുന്നത്.


സഖാവ് ഇ കെ നായനാരെ കേരളം ഓര്‍ക്കാത്ത ദിനമുണ്ടാവില്ല. മലയാളി അതുപോലെ സ്നേഹിക്കുകയും ആദരിക്കുകയും അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്ത അധികം നേതാക്കളില്ല. സമരനിലങ്ങളിലെ ജനകീയനും ഭരണതലങ്ങളിലെ ജനപ്രിയനുമായിരുന്നു നായനാര്‍. ഏ‍ഴുപതിറ്റാണ്ടുകാലം കേരളത്തെ ഇളക്കിമറിച്ച നായനാര്‍ തനിമയ്ക്ക് കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ല.

1939-ല്‍ സഖാവ് പി കൃഷ്ണപ്പിള്ളയുടെ മേല്‍നോട്ടത്തില്‍ കല്ല്യാശ്ശേരിയില്‍ ആരംഭിച്ച ബാലസംഘത്തിന്‍റെ പ്രസിഡണ്ടായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍. നായനാരുടെ അമ്മാവന്‍ രയരപ്പന്‍ നായരുടെ മകന്‍ കെ പി ആര്‍ ഗാപാലന്‍റെ ബ്രിട്ടിഷ് വിരുദ്ധ കലാപക്കളരിയിലായിരുന്നു നായനാരുടെയും പരിശീലനം. കെപിആര്‍ 1940ലെ മൊറാ‍ഴക്കേസിലും നായനാര്‍ 41-ലെ കയ്യൂര്‍ക്കേസിലും പ്രതിയായി. കെപിആറിന് ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കുകയര്‍ വിധിച്ചു. നായനാര്‍ ഒളിവിലായതിനാല്‍ രക്ഷപ്പെട്ടു. ഒളിവിലും തെളിവിലും ജയിലിലുമായി അസംഖ്യം കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് നായനാര്‍
ഒരു ചരിത്രപുരുഷനായി ഉയര്‍ന്നു വന്നത്.

എകെജിയും സിഎച്ച് കണാരനും അ‍ഴീക്കോടന്‍ രാഘവനും വിടപറഞ്ഞപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയുടെ നെടുന്തൂണായിരുന്നു നായനാര്‍. 72ലും 92 ലും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം. 80ലും 87ലും 91ലുമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം ഭരണം നടത്തിയ മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ്. കണ്ണൂരിന്‍റെ ശുദ്ധമനസും നിഷ്കളങ്കതതയും തമാശ വര്‍ത്തമാനങ്ങളും പൊട്ടിച്ചിരികളുമായി രാഷ്ട്രീയ എതിരാളികളെപ്പോലും നായനാര്‍ കൈയ്യിലെടുത്ത കാലം.

നായനാര്‍ക്ക് അധികാരം തോളിലെ ഒരു തോര്‍ത്തുമുണ്ടു പോലെയാണെന്ന് പറയാറുണ്ട്. അത്രയേറെ ലളിതമായാണ് അദ്ദേഹം അത് തോളിലിട്ടതും എടുത്തുമാറ്റിയതും. അതുണ്ടായാലും ഇല്ലാതായാലും നായനാര്‍ നായനാര്‍ തന്നെയായിരുന്നു. കേരളത്തിന്‍റെ മഹദ്പദ്ധതിയായ ക്ഷേമപെന്‍ഷന്‍ ആരംഭിച്ചത് 1980ല്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോ‍ഴാണ്.

അവസാനം വരെയും പാവങ്ങള്‍ക്കു വേണ്ടി കൊടുത്തു തീരാത്ത ജീവിതത്തിന്‍റെ പേരായിരുന്നു ഇ കെ നായനാര്‍.

RELATED STORIES