ഭാര്യയും മക്കളുമായി പിണങ്ങി വാടകവീട്ടില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ഗൃഹനാഥന്‍ ഭക്ഷണവും മരുന്നും കിട്ടാതെ മരിച്ചു

മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തോട്ടുകടവില്‍ മനോഹരന്‍ (വെഞ്ഞാറമൂടന്‍-58) ആണു മരിച്ചത്. വീട്ടുകാരുമായി പിരിഞ്ഞതിനെത്തുടര്‍ന്ന് ആറുമാസമായി പുളിത്താഴയില്‍ ജംങ്ഷനു തെക്കുഭാഗത്തുള്ള ഒരു വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്നു.

കിടപ്പിലായിരുന്ന മനോഹരനെ പഞ്ചായത്തംഗം ജാസ്മിന്‍ ഷാജിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. എല്ലും തോലുമായ അവസ്ഥയിലായിരുന്നു മനോഹരന്‍ വൈകിട്ടോടെ മരിക്കുകയായിരുന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇയാള്‍ക്ക് ഒരു മാസം മുമ്പ് പനി പിടിപെട്ടിരുന്നു. രണ്ടാഴ്ചയായി തികച്ചും അവശനായിരുന്നു. പുറത്തേക്കു കാണാതായതോടെ സുഹൃത്തുക്കളായ വിനോദ് ചാക്കോയും കുട്ടനും വീട്ടിലെത്തി യപ്പോള്‍ ഇയാളെ അവശനിലയില്‍ കണ്ടിരുന്നു. ഇരുവരും ചേര്‍ന്ന് മനോഹരനെ വളവനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി തിരിച്ചെത്തിച്ചു.

വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും കൂടെനില്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇയാള്‍ പോയില്ല. മനോഹരന്റെ രോഗവിവരം ആരോഗ്യവകുപ്പ് അധികൃതരെ നേരത്തെതന്നെ അറിയിച്ചിരുന്നതായും അധികൃതര്‍ ഇവിടെയെത്തി പരിശോധിച്ചോയെന്ന് അറിയില്ലെന്നും വാര്‍ഡിലെ ആശാ വര്‍ക്കറായ ഗീത പറഞ്ഞു. എന്നാല്‍ മനോഹരന്‍ കിടപ്പിലായ വിവരം വെള്ളിയാഴ്ചയാണ് അറിഞ്ഞതെന്ന് പഞ്ചായത്തംഗം പറയുന്നു. സ്വന്തമായുണ്ടായിരുന്ന വീട് വിറ്റശേഷം ആറുമാസം മുമ്പാണ് മനോഹരന്‍ ഇളയ മകളുടെ വിവാഹം നടത്തിയത്.

തുടര്‍ന്നാണ് അടുത്തുതന്നെ വാടക വീടെടുത്തു താമസമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി മനോഹരന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ലെന്ന് എസ്.ഐ. കെ.ആര്‍. ബിജു പറഞ്ഞു.

RELATED STORIES