സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും നികുതി അടയ്‌ക്കാതെ ബാര്‍ ഹോട്ടലുകള്‍
Reporter: News Desk 29-Jul-2024999
സംസ്‌ഥാനത്തെ 75 ശതമാനം ബാര്‍ ഹോട്ടലുകളും നികുതി അടച്ചിട്ടില്ല. 606 ബാര്‍ ഹോട്ടലുകളാണ് നികുതി കുടിശിക വരുത്തിയിരിക്കുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നതു കോട്ടയം ജില്ലയാണ്.
അവിടെ 90 ബാര്‍ ഹോട്ടലുകള്‍ നികുതി കുടിശിക വരുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഒരു ബാര്‍ ഹോട്ടല്‍ മാത്രമേ കുടിശിക വരുത്തിയിട്ടുള്ളൂ. തിരുവനന്തപുരം71, കൊല്ലം 69, പത്തനംതിട്ട 27, ആലപ്പുഴ 66, ഇടുക്കി 23, എറണാകുളം33, തൃശൂര്‍ 74, മലപ്പുറം 17, കോഴിക്കോട് 28, കണ്ണൂര്‍ 31, വയനാട് 9, കാസറഗോഡ് 7,ആലുവ റേഞ്ച് 50 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 9 ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ തന്നെയാണ് സണ്ണി ജോസഫ് എം.എല്‍.എയെ നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
നികുതി കുടിശിക വരുത്തിയിട്ടുള്ള ബാര്‍ ഹോട്ടലുകള്‍ക്കെതിരേ നടപടികള്‍ എടുത്തുവരികയാണ്. എന്നാല്‍ ഹോട്ടലുടമകള്‍ ഇതിനെതിരേ കോടതിയെ സമിപ്പിച്ചിട്ടുണ്ട്. വര്‍ഷം തോറുമുള്ള ആനുവല്‍ റിട്ടേണുകളും പല ഹോട്ടലുകളും ഫയല്‍ ചെയ്‌തിട്ടില്ല. ഇതിനെതിരെ സംസ്‌ഥാന ജി.എസ്.ടി. ഇന്റലിജിന്‍സും നടപടികള്‍ ആരംഭിച്ചു. റവന്യു റിക്കവറി നടപടികളും നടന്നുവരികയാണെന്ന് മന്ത്രി പറയുന്നു.
ടേണ്‍ ഓവര്‍ ടാക്‌സില്‍ വീഴ്‌ച വരുത്തിയ ബാറുകള്‍ക്ക് മദ്യം നല്‍ക്കരുതെന്നാവശ്യപ്പെട്ട് ചരക്കുസേവന നികുതി വകുപ്പ് ബിവറേജസ് കോര്‍പ്പറേഷനു കത്ത് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ചില ബാറുടമകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കത്തില്‍ തുടര്‍നടപടികള്‍ വേണ്ടെന്നു നിര്‍ദേശിച്ച കോടതി മറ്റുചില കാര്യങ്ങളില്‍ തടസമില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.