വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ചും;ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും പരിശുദ്ധ സിംഹാസനം
Reporter: News Desk 05-Aug-2024819
റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ.
അക്രമവും കൊലപാതകങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് അക്രമം നമ്മളെ നയിക്കില്ല. മറിച്ച് കൂടുതൽ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം പാലസ്തീനിലെ ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയായിരുന്നു ബോംബ് ആക്രമണം.
ഇവിടെ ക്യാമ്പുകളിൽ താമസിച്ചിരുന്ന പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ ഏറെക്കുറെ പൂർണമായും തകർന്നു.