മുണ്ടക്കൈ ദുരന്തത്തിൽ ഞായറാഴ്ച നടത്തിയ തിരച്ചിലിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി

പരപ്പൻപാറയിൽ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ചൂരൽ മല മുതൽ പുഞ്ചിരി മട്ടം വരെയുള്ള പ്രദേശത്ത് നടന്ന ജനകീയ തിരച്ചിൽ മഴ ശക്തമായതിനെ തുടർന്ന് വൈകിട്ട് മൂന്നരയോടെ അവസാനിപ്പിച്ചു. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലിൽ പങ്കാളികളായത്. ദുരന്ത മേഖലയെ ആറ് സോണുകളായി തിരിച്ചായിരുന്നു തിരച്ചിൽ.

പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്ത് സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. ചൂരൽ മല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഇന്ന് കൂടുതലായി ഒന്നും കണ്ടെത്താനായില്ല. ഉരുൾ പൊട്ടലിൽ വീട് വിട്ടു പോകേണ്ടി വന്ന നിരവധി പേർ തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും രേഖകളും വീണ്ടെടുക്കാൻ സന്നദ്ധ പ്രവർത്തകർക്കൊപ്പം സ്വന്തം വീടുകളിൽ എത്തിയിരുന്നു.

എന്നാൽ മണ്ണും ചെളിയും നിറഞ്ഞ വീടുകളിൽ നിന്ന് പലർക്കും വിലപ്പെട്ട രേഖകൾ പോലും തിരിച്ചു കിട്ടിയില്ല. വൈകിട്ട് മൂന്നുമണിയോടെ മുണ്ടക്കൈ ഭാഗത്ത് മഴ തുടങ്ങി. മഴ ശക്തി പ്രാപിച്ചതോടെ സന്നദ്ധ പ്രവർത്തകരോട് തിരച്ചിൽ അവസാനിപ്പിച്ച് ഇറങ്ങാൻ പോലീസ് നിർദേശം നൽകി. ചൂരൽമലയിലും മഴ ശക്തമായതോടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരോടും മടങ്ങാനും നിർദ്ദേശിച്ചു. സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു നിർദ്ദേശം.

RELATED STORIES