ഷാര്‍ജ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിട വാടക കുതിച്ചുയരുന്നു
Reporter: News Desk 23-Aug-2024614
റോള, മുവൈല, നാഷനല്‍ പെയിന്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് താമസ കെട്ടിട വാടക കുതിച്ചുയര്‍ന്നത്. മുവൈല ഭാഗങ്ങളില്‍ മാത്രം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 7,000 ദിര്‍ഹം വരെയാണെന്ന് താമസക്കാര്‍ പറയുന്നു.
വണ്‍ വെഡ്റും ഹാളിനാണ് ഇത്രയും ഭീമമായ വര്‍ധന വരുത്തിയത്. സ്‌കൂള്‍ സോണിലാണ് ഈ വര്‍ധനവെന്നത് ശ്രദ്ധേയമാണ്. മറ്റു താമസ സൗകര്യങ്ങളുടെ വാടക വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അധികമാണ്.അപ്രതീക്ഷിതമായിരുന്നു ഈ വര്‍ധനവെന്ന് വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ മുവൈലയില്‍ താമസക്കാരായ മലയാളി കുടുംബം പറഞ്ഞു.
താമസിക്കുന്ന വണ്‍ ബെഡ്റും ഹാളിന് 18,000 ദിര്‍ഹമായിരുന്നു പ്രതിവര്‍ഷം വാടകയായി നാളിതുവരെയായി നല്‍കിയിരുന്നത്. മൂന്ന് നില കെട്ടിടത്തിലാണ് താമസം. ഏകദേശം ഒരേ നിരക്കാണ് വാടക. ഭൂരിഭാഗം മലയാളി കുടുംബങ്ങളാണ് താമസിക്കുന്നത്. എന്നാല്‍ നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് വാടക വര്‍ധിപ്പിച്ച കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്നും കുടുംബം പറഞ്ഞു. കരാര്‍ കാലാവധി കഴിയുന്നമുറക്ക് വര്‍ധിപ്പിച്ച വാടക നല്‍കാന്‍ തയ്യാറാകാതിരുന്നാല്‍ ഒഴിഞ്ഞു പോകേണ്ടിവരുമെന്നും ഇതേ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. സമീപപ്രദേശങ്ങളിലെല്ലാം വാടക വന്‍തോതില്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ വര്‍ധിപ്പിക്കുന്നതിനാല്‍ കുറഞ്ഞ ഒരിടത്തേക്ക് മാറാനുള്ള സാഹചര്യവും ഇത്തരം കുടുംബങ്ങള്‍ക്കില്ല. തുഛവരുമാനക്കാരായതിനാല്‍ ഭീമമായ വാടക നല്‍കി കുടുംബമായി താമസിക്കാനും സാധിക്കാത്ത സ്ഥിതിയാണ്.
ഒറ്റയടിക്ക് ഇത്രയും വലിയ തുക വര്‍ധിപ്പിച്ചതിനാലാണ് കൂടുതല്‍ വിഷമമെന്ന് താമസക്കാര്‍ പറയുന്നു. വര്‍ധനവ് നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ താങ്ങാന്‍ സാധിക്കുന്നവിധത്തിലാണ് കൂട്ടേണ്ടെതെന്നും താമസക്കാര്‍ അഭിപ്രായപ്പെട്ടു. മുവൈല സമീപകാലത്താണ് വലിയ പുരോഗതി കൈവരിച്ചത്. എമിറേറ്റിലെ വലിയ ജനവാസ കേന്ദ്രങ്ങളിലൊന്നായി ഈ മേഖല മാറിയതോടെ നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയരുകയും അതോടൊപ്പം വാടകയും കൂടുകയുമായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുടുംബമായി താമസിക്കുന്നവരെയും ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.
അതേസമയം റോള ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വാടക വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കെട്ടിടങ്ങളുടെ കാവല്‍ക്കാരില്‍ ചിലര്‍ പറഞ്ഞു. ഒഴിഞ്ഞു കിടന്നിരുന്ന കെട്ടിടങ്ങളില്‍ പോലും ഇപ്പോള്‍ ഫ്‌ലാറ്റുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും പറയുന്നു. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ വാടക ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു