സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു നിരവധി പരാതികള്‍ പുറത്തുവരുന്നതിനിടെ, കള്ളപ്പരാതികളുമായും പലരും രംഗത്തുവരുന്നതായി സംശയം

ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണം തട്ടുകയാണു പല പരാതികളുടെയും ലക്ഷ്യമെന്നു പോലീസ് സംശയിക്കുന്നു. നിരവധിപേര്‍ ബ്ലാക്ക്‌മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്നും പോലീസ് കരുതുന്നു. വര്‍ഷങ്ങള്‍ മുമ്പു നടന്ന സംഭവങ്ങളില്‍ പീഡനപരാതി നല്‍കുമെന്നു പറഞ്ഞാണു ഭീഷണി. സിനിമാരംഗത്തെ പലര്‍ക്കും ഇതിനകം ഭീഷണി കോളുകള്‍ ലഭിച്ചിട്ടുണ്ട്.

പണം തന്നില്ലെങ്കില്‍ പുറത്തുപറയുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നുമാണു ഭീഷണി. മാനഹാനി ഭയന്നു പലരും പണം നല്‍കി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. പലര്‍ക്കും പണം കൈമാറിയതായാണു സൂചന. എന്നാല്‍, വന്‍ തുക ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണു മിക്കവരും പോലീസില്‍ പരാതി നല്‍കാനും നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ്. നിരവധി സിനിമ ചെയ്ത നിര്‍മാതാവുള്‍പ്പെടെ നിയമവഴി സ്വീകരിക്കാനാണു ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. ഭീഷണിയില്‍ ഇതിനോടകം നല്ലൊരു തുക നഷ്ടപ്പെട്ട ശേഷമാണ് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവന്നതിനു ശേഷമുള്ള സാഹചര്യത്തില്‍, പരാതി വന്നാലുടന്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് സിനിമ മേഖലയിലുള്ള പലര്‍ക്കും ഭയമുണ്ട്. ഇതു മുതലെടുത്താണു ബ്ലാക് മെയിലിങിനുള്ള ശ്രമം.

അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു പലതവണ പീഡിപ്പിച്ചെന്നാണു നിലവില്‍ പോലീസിനു ലഭിച്ചിട്ടുള്ള മിക്ക പരാതികളുടേയും ഉള്ളടക്കം. എന്നാല്‍, പണം തട്ടാനുള്ള ബ്ലാക്ക്‌മെയിലിങാണെന്നാണു പ്രതിഭാഗം വാദിക്കുന്നത്. പരാതിക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നതു കുറ്റാരോപിതരാരും നിഷേധിക്കുന്നില്ല. സിനിമയില്‍ അവസരം നല്‍കിയിട്ടുണ്ട്, പിന്നീട് അകന്നു.

അതിന്റെ വിരോധമാകാം പരാതിക്കു പിന്നിലെന്നുമാണു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. അതിനാല്‍, പരാതിയിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുക പോലീസിനും തലവേദനയാണ്. ഏതെല്ലാം കേസുകളില്‍ തുടരനേ്വഷണം വേണമെന്നതു പ്രത്യേക അനേ്വഷണസംഘം കേസ് ഡയറി വിശദമായി പരിശോധിച്ചശേഷം തീരുമാനിക്കും. പല പരാതികളിലും ബലാല്‍സംഗക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസറ്റു ചെയ്യാൻ കഴിഞ്ഞിട്ടില്ല. അറസ്റ്റ് പാടില്ലെന്നു കോടതി നിര്‍ദേശിക്കുന്നതാണു പ്രധാന തടസം. പ്രതികള്‍ സിനിമാരംഗത്തെ പ്രമുഖരായതിനാല്‍, വേണ്ടത്ര തെളിവില്ലാതെ തിടുക്കത്തില്‍ അറസ്റ്റ് വേണ്ടെന്നാണു പോലീസിന്റെയും നിലപാട്.

RELATED STORIES