പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു

കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കുറ്റവിമുക്തയാക്കിയത്. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജയമോളെ കുറ്റവിമുക്തയാക്കിയത്.

കൊല്ലം നെടുമ്പനയിൽ 2018 ജനുവരി പതിനഞ്ചിന് ജയമോൾ മകൻ ജിത്തുവിനെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും അബോധാവസ്ഥയിലായ മകനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അഭാവവും സാക്ഷികൾ കൂറുമാറിയതും ചൂണ്ടിക്കാട്ടി കോടതി ജയമോളെ വെറുതെ വിടുകയായിരുന്നു.

ജിത്തുവിൻറെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തിൽ വാഴക്കൂട്ടത്തിന് ഇടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തെളിവെടുപ്പിനെത്തിയപ്പോൾ ജയമോൾ കുറ്റം സമ്മതിച്ച് കൊലപാതകം നടത്തിയതെങ്ങനെയെന്നതടക്കം പൊലീസിനോട് വിശദീകരിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പൊലീസിനോട് പറഞ്ഞത്.

എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ബന്ധുക്കൾ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതോടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷൻറെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്‌തരിച്ചിരുന്നു. ജിത്തുവിന്റെ മൃതദേഹം കത്തിക്കാൻ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നൽകിയ സ്ത്രീ ഉൾപ്പെടെയാണ് കൂറുമാറിയത്.

RELATED STORIES