ഈ വർഷം ഒക്ടോബർ 30 നുള്ളിൽ എല്ലാ വാഹനങ്ങളുടെയും ഫാസ്റ്റ്ടാഗുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം
Reporter: News Desk 25-Sep-2024875
ഒരു വാഹനം വാങ്ങുമ്പോൾ അതിന്റെ രെജിസ്ട്രേഷന് മുതൽ തന്നെ നമ്മൾ കേൾക്കുന്നതാണ് ഫാസ്റ്റ്ടാഗ് എന്ന ഒരു വാക്ക്. ഫോർ വീലർ വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവർക്കും ഏറ്റവും പരിചയമുള്ള ഒരു വാക്ക് കൂടിയാണ് ഇത്. ഒരു ദീർഘ ദൂര യാത്രക്ക് തയ്യാറെടുക്കുമ്പോൾ നമ്മളൊക്കെ ആദ്യം ചിന്തിക്കുന്നതും ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്തിട്ടുണ്ടോ എന്നതാണ്.
എന്താണ് ഈ ഫാസ്റ്റ്ടാഗ്? റോഡ് ടാക്സ് നമ്മളിൽ നിന്ന് ഈടാക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന സംവിധാനമാണ് ഫാസ്റ്റ്ടാഗ്. ടോൾ പ്ലാസകളിലെ പ്രവർത്തനങ്ങൾ കുറച്ചുകൂടി സുഗമമാക്കാൻ ഫാസ്റ്റ്ടാഗ് അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ കഴിയും. ഈ വർഷം ഓഗസ്റ്റ് 1 മുതൽ നമ്മുടെയൊക്കെ വാഹനങ്ങളുടെ ഫാസ്റ്റ്ടാഗ് റെഗുലേറ്ററി മാനദണ്ഡങ്ങങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ വർഷം പഴക്കമുള്ള ഫാസ്റ്റ്ടാഗുകൾ പുതുക്കണമെന്നാണ് പുതിയ മാർഗ്ഗനിർദ്ദേശം. കൂടാതെ 3 വർഷത്തിൽ കൂടുതൽ പഴക്കമുള്ള അക്കൗണ്ടുകൾ KYC അപ്‌ഡേഷൻ നടത്തണം. ഇത്തരം അപ്ഡേഷനുകൾ നടത്തിയില്ലെങ്കിൽ നമ്മുടെ ഫാസ്റ്റ്ടാഗ് അക്കൗണ്ടുകൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.
ഫാസ്റ്റ്ടാഗ് ഉപയോഗിക്കുന്നവർ വാഹന രെജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, മൊബൈൽ നമ്പർ എന്നിവയുമായി അക്കൗണ്ട് ലിങ്ക് ചെയ്യണം. ഫാസ്റ്റ് ടാഗ് രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുക്ക് ലഭിക്കുന്ന അപ്ലിക്കേഷൻ വഴി തന്നെയാണ് അപ്‌ഡേഷൻ പ്രൊസീജിയറുകളും നടത്തേണ്ടത്. കൂടാതെ വാഹനത്തിന്റെ മുൻവശത്തുനിന്നും, പിൻവശത്തുനിന്നും നമ്പർ പ്ലേറ്റ് വ്യക്തമായ രീതിയിൽ ഓരോ ഫോട്ടോ വീതം അപ്‌ലോഡ് ചെയ്യുകയും വേണം. നമ്മുടെയൊക്കെ വണ്ടികളുടെ ദുരൂപയോഗം തടയുക, സുരക്ഷ, തിരിച്ചറിയൽ എന്നിവ ഉറപ്പാക്കുക എന്നതൊക്കെയാണ് ഇപ്പോൾ നടത്തിവരുന്ന ഫാസ്റ്റ്ടാഗ് അപ്ഡേഷനിലൂടെ ലക്ഷ്യമാക്കുന്നത്.