എഡിഎം നവീൻ ബാബു വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിർബന്ധപൂർവ്വം ഒരുക്കിയത് കണ്ണൂർ കലക്ടർ ആണെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനൻ

'യാത്രയയപ്പ് കൊടുക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചപ്പോൾ തന്നെ നവീൻ പറഞ്ഞു എനിക്ക് യാത്രയയപ്പ് ആവശ്യമില്ല. കാരണം എന്റെ സർവീസ് ഇനിയും കിടക്കുകയാണ്. സർവീസിൽ നിന്ന് പിരിഞ്ഞുപോകുകയല്ലല്ലോ. ട്രാൻസ്ഫർ മാത്രമുള്ളൂ. യാത്രയയപ്പ് വേണ്ടാ എന്ന് പറഞ്ഞു.

പിന്നീട് യാത്രയയപ്പ് സമ്മേളനം നിർബന്ധപൂർവ്വം ഒരുക്കിയത് കലക്ടറാണ്. അന്ന് രാവിലെ യാത്രയയപ്പ് നടത്താനുള്ള സംവിധാനം ഉണ്ടായി. രാവിലെ യാത്രയയപ്പ് നടത്താൻ കലക്ടർക്കോ നവീനോ ഒരു തടസവും ഉണ്ടായിരുന്നില്ല. അത് ബോധപൂർവ്വം ഉച്ചയ്ക്ക് ശേഷം മാറ്റി.

ഉച്ചയ്ക്ക് ശേഷം മാറ്റി എന്ന് മാത്രമല്ല, ദിവ്യയെ ഫോണിൽ വിളിച്ച്‌ വരുത്തിയത് കലക്ടറാണ്. ആ വിവരം നവീൻ വീട്ടിൽ അറിയിച്ചു. രാവിലെയായിരുന്നു യാത്രയയപ്പ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം മാറ്റി. യാത്രയയപ്പ് വേണ്ടായെന്ന് ഞാൻ ആവുന്നത് പറഞ്ഞതാണ്. കലക്ടർ നിർബന്ധപൂർവമാണ് യാത്രയയപ്പ് സമ്മേളനം നടത്തിയത്. അവിടെ ജീവനക്കാരുടെ യോഗത്തിലേക്ക് ക്ഷണിക്കാത്ത പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടറാണ്. ഇതിൽ ഒരു ഗൂഢ ലക്ഷ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് കൃത്യമായി അന്വേഷണം നടത്തണം.' - സിഐടിയു നേതാവ് പറഞ്ഞു

കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പുറത്തുനിന്ന വന്നയാൾ മോശപ്പെട്ട രീതിയിൽ പറയുക എന്നാൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സംഭവിക്കില്ല. ഇത് ബോധപൂർവ്വം ചെയ്തതാണ്. ഇതിന് പിന്നിൽ ആരാണെന്നുള്ളത് സർക്കാർ അന്വേഷിച്ച്‌ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലക്ടർക്കെതിരെയും അന്വേഷണം വേണം. ഇതിന് പിന്നിൽ ആരാണെങ്കിലും രംഗത്തുകൊണ്ടുവരണം.'- മലയാലപ്പുഴ മോഹനൻ കൂട്ടിച്ചേർത്തു.


RELATED STORIES