ഇളനീരില്‍ നിന്നും വൈനുമായി ഒരു മലയാളി സംരംഭകൻ എത്തുന്നു

വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി സ്വദേശി സെബാസ്റ്റ്യന്‍ പി അഗസ്റ്റിനാണ് പഴങ്ങളില്‍ നിന്നും വൈന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നേടിയത്.

കേരള സ്മാള്‍ സ്‌കെയില്‍ വൈനറി റൂള്‍സ് 2022 അനുസരിച്ച് ആദ്യമായി ചെറുകിട വൈനറി നിര്‍മ്മാണത്തിന് അനുമതി ലഭിച്ച കര്‍ഷകന്‍ കൂടിയാണ് സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍. 2007ല്‍ തന്നെ പഴങ്ങളുപയോഗിച്ചുള്ള വൈന്‍ നിര്‍മ്മാണത്തിന് സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍ പേറ്റന്റ് നേടിയിരുന്നു. ഇളനീരില്‍ നിന്ന് വൈന്‍ നിര്‍മ്മാണത്തിന് ആദ്യത്തെ പേറ്റന്റ് നേടിയതും ഈ മലയാളി തന്നെയാണ്.

ഇളനീരും പഴങ്ങളും ചേര്‍ത്ത് ഇളനീര്‍ വൈനും പഴങ്ങളില്‍ നിന്നുള്ള ഫ്രൂട്ട്‌സ് വൈനുമാണ് സംരംഭം പുറത്തിറക്കുക. റവന്യൂ വകുപ്പില്‍ നിന്ന് വിരമിച്ച സെബാസ്റ്റ്യന്‍ പി അഗസ്റ്റിന് സ്വന്തം ഭൂമിയില്‍ പഴങ്ങളുടെ വിപുലമായ കൃഷിയുണ്ട്. എന്നാല്‍ വൈന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കി പുറത്തിറക്കാന്‍ സ്വന്തം ഭൂമിയിലെ കൃഷി മാത്രം മതിയാകില്ല.

പ്രതിദിനം 1000 കരിക്കും 250കിലോഗ്രാം പഴങ്ങളും വൈന്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. ഇത് ഏറെ ഗുണം ചെയ്യുക പ്രാദേശിക കര്‍ഷകര്‍ക്ക് കൂടിയാണ്. അധികമായി വേണ്ടി വരുന്ന കരിക്ക് വൈന്‍ നിര്‍മ്മാണത്തിന് എത്തിച്ചു നല്‍കുന്ന കര്‍ഷകര്‍ക്ക് ഒന്നിന് 35 രൂപ വീതം നല്‍കാന്‍ സാധിക്കുമെന്നും സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍ പറയുന്നു.

എന്നാല്‍ വൈന്‍ നിര്‍മ്മാണത്തെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ചെറുകിട വ്യവസായത്തിനുള്ള സബ്‌സിഡി ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുവെന്ന ആശങ്കയും അഗസ്റ്റിന്‍ അറിയിക്കുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ വൈന്‍ നിര്‍മ്മാണത്തെ നെഗറ്റീവ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും അഗസ്റ്റിന്‍ ആവശ്യപ്പെടുന്നു.


RELATED STORIES