കേരളത്തിന്റെ ഖനന മേഖലയില്‍ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്

ചട്ടങ്ങള്‍ക്ക് വിധേയമായി ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഡ്രോണ്‍ സര്‍വേക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം പെരുങ്കടവിള ഡെല്‍റ്റ ക്വാറിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് കേരള മിനറല്‍ ഡ്രോണ്‍ ലിഡാര്‍ സര്‍വേ പ്രൊജക്ടും ഡ്രോണ്‍ ലിഡാര്‍ സര്‍വേ പോര്‍ട്ടലും ഉദ്ഘാടനം ചെയ്തു.

സാങ്കേതിക വിദ്യ വികസിക്കുന്നതിലൂടെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുകയും ചിട്ടയുള്ളതാകുകയും ചെയ്യുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു. ഡ്രോണ്‍ സര്‍വേ പ്രൊജക്ടിലൂടെ ഖനന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകുകയാണെന്നും ഇതിലൂടെ അനാവശ്യ ആക്ഷേപങ്ങള്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃത ഖനന പ്രവര്‍ത്തനങ്ങള്‍ നാടിന് ആവശ്യമാണ്. ടെക്നോളജിയുടെ വികാസത്തിനനുസരിച്ച് ഖനന മേഖലകളില്‍ ആധുനികവത്കരണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ഡ്രോണ്‍ ലിഡാര്‍ സര്‍വേ പ്രൊജക്ട് നടപ്പാക്കുന്നത്. ഖനനാനുമതിയ്ക്ക് അപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിയമാനുസൃതമായി ഖനനം ചെയ്യാവുന്ന ധാതുവിന്റെ അളവ് കൃത്യതയോടെ കണക്കാക്കുന്നതിനും അനധികൃതമായി ഖനനം ചെയ്യുന്ന ധാതുവിന്റെ അളവ് കണക്കാക്കുന്നതിനും ഡ്രോണ്‍ സര്‍വേയിലൂടെ സാധിക്കും. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ആധുനീകരണത്തിന്റെ ഭാഗമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ധാതു ഖനനത്തിന്റെ അളവ് കണ്ടെത്തുന്നതിന് സര്‍വേയും സര്‍വേ പോര്‍ട്ടലും നടപ്പാക്കുന്നത്.

സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ.കെ ഹരികുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ കിഷോര്‍ എം.സി എന്നിവരും പങ്കെടുത്തു.

RELATED STORIES