കെ.എസ്.ഇ.ബിയില്‍ പത്താം ക്ലാസ് തോറ്റവര്‍ വാങ്ങുന്ന ശമ്പളം ലക്ഷക്കണക്കിന്

ഓവര്‍സിയര്‍മാരില്‍ ഭൂരിപക്ഷവും എസ്.എസ്.എല്‍.സി. തോറ്റവരാണ്. ഡ്രൈവര്‍മാരിലും എസ്.എസ്.എല്‍.സി തോറ്റവരുണ്ട്. ലൈന്‍മാന്‍മാരുടെയും വര്‍ക്കര്‍മാരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. വര്‍ക്കറായി കയറി പിന്നീട് പത്താംതരം തുല്യത/ ഐ.ടി. തുല്യത നേടിയെടുത്താണ് പലരും പ്രമോഷന്‍ തരപ്പെടുത്തുന്നതും ഭീമന്‍ ശമ്പളം കൈപ്പിടിയിലൊതുക്കുന്നതും.

പത്തുതോറ്റവരില്‍ സബ് എന്‍ജിയര്‍ ഗ്രേഡ് ലഭിച്ച 451 പേരുണ്ട്. ഇവര്‍ വാങ്ങുന്നത് പ്രതിമാസം 1.33 ലക്ഷം രൂപ. സബ് എന്‍ജിനീയര്‍ ഗ്രേഡിനു മുകളിലുള്ള പത്താംതരം തോറ്റവര്‍ 34 പേരുണ്ട്. അവര്‍ക്കു മാസശമ്പളം 1.43 ലക്ഷമാണ്. 1998-നുശേഷം മേല്‍പ്പറഞ്ഞ തസ്തികകളില്‍ ജോലിക്കു കയറിവരെല്ലാം എസ്.എസ്.എല്‍.സി.തോറ്റവരാണ്. അന്നെക്കെ ഐ.ടി, ഡിപ്ലോമ വിഭാഗത്തിലുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാമായിരുന്നു. അവര്‍ക്ക് 50 ശതമാനം നിയമനം ലഭിച്ചിരുന്നു. ടെക്‌നിക്കലായി പഠിച്ചവര്‍ക്ക് കിട്ടേണ്ട ജോലിയാണ് പില്‍ക്കാല പരിഷ്‌കരണത്തിലൂടെ തോറ്റവര്‍ക്ക് ലഭിച്ചത്. 1996-ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് തോറ്റവര്‍ക്കായി 'എക്‌സ്‌ക്‌ളൂസിവ്' ജോലി മാറ്റിവച്ചത്.

സി.ഐ.ടി.യുവിന്റെ നിര്‍ദേശം പരിഗണിച്ചായിരുന്നു തീരുമാനം. അന്ന് വര്‍ക്കറായി കയറിയവര്‍ പിന്നീട് ലൈന്‍മാനും ഓവര്‍സീയറും സബ് എന്‍ജിനീയറുമായി. ഓവര്‍സിയറില്‍നിന്ന് സബ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ ആകാന്‍ പത്താം ക്ലാസ് തുല്യതയോ ഐ.ടി. തുല്യതയോ പാസായാല്‍ മതി. ഐ.ടി. തുല്യതയെന്നാല്‍ പ്രബന്ധമെഴുതിയാല്‍ മതി. അതും മറ്റുള്ളവര്‍ എഴുതിയതിന്റെ ഫോട്ടോകോപ്പി! സബ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്റെ 50 ശതമാനം ഓവര്‍സിയറില്‍മാരില്‍ (പത്തു പാസാകാത്ത)നിന്നാണ്. അതുപോലെ 20 ശതമാനം അസി. എന്‍ജിനീയര്‍ ക്വാട്ട. പത്തുതോറ്റവര്‍ ഒന്നരവര്‍ഷം കൊണ്ട് ഓവര്‍സിയര്‍മാരായ ചരിത്രവുമുണ്ട്.

ഓവര്‍സിയറായി പത്തുവര്‍ഷം കഴിഞ്ഞാല്‍ തുല്യതാപരീക്ഷ പാസാകാതെ തന്നെ സബ് എന്‍ജിനീയറുടെ ഗ്രേഡ് കിട്ടും. പിന്നീട് എട്ടുവര്‍ഷം കഴിഞ്ഞാല്‍ അസി. എന്‍ജിനീയര്‍ ഗ്രേഡിലേക്ക് എത്തും. അതായത് എസ്.എസ്.എല്‍.സി തോറ്റവരുടെ പടതന്നെയാകും കെ.എസ്.ഇ.ബിയില്‍ എന്നു സാരം. നഷ്ടത്തിലാണെന്നു പറഞ്ഞാണ് കെ.എസ്.ഇ.ബി. വൈദ്യുതി നിരക്ക് കഴിഞ്ഞ ദിവസം കൂട്ടിയത്.

1750 കോടി രൂപ മാസവരുമാനം ലഭിക്കുന്ന കെ.എസ്.ഇ.ബിക്ക് ചെലവ് ശരാശരി 1950 കോടിയാണ്. വിവരാവകാശ പ്രകാരം, പൊതുപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഷാജി ഇൗപ്പന് കിട്ടിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഇൗ വിവരങ്ങള്‍. ചോദ്യത്തിന് മറുപടി കിട്ടാന്‍ 22 മാസമെടുത്തു. മറുപടി തരാന്‍ ബോര്‍ഡിന് തീരെ താല്‍പ്പര്യമില്ലായിരുന്നുവെന്ന് ഷാജിയുടെ വാക്കുകള്‍.

RELATED STORIES