പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ച സംഭവത്തില്‍ ഡിവൈ.എസ്.പിക്ക് ഒരുമാസം തടവും ആയിരം രൂപ പിഴയും വിധിച്ചു

ആലപ്പുഴ ഡിവൈ.എസ്.പി. മധുബാബുവിനെയാണ് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഷെറിന്‍ കെ. ജോര്‍ജ് ശിക്ഷിച്ചത്. 18 വര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണു വിധി.

2006 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ചേര്‍ത്തലയിലെ എസ്.ഐ ആയിരുന്നു മധുബാബു. സിദ്ധാര്‍ഥന്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് മധുബാബു ചൊറിയണപ്രയോഗം നടത്തിയെന്നാണു കേസ്. എസ.ഐക്ക് ഒപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. കയര്‍ഫാക്ടറിയുടെ പ്രവര്‍ത്തനം സമീപപ്രദേശങ്ങളെ മലിനീകരിക്കുന്നതിനെതിരേ സമരം ചെയ്ത വ്യക്തിയായിരുന്നു സിദ്ധാര്‍ഥന്‍. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മധുബാബുവും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് തന്നെ നഗ്നനാക്കി ചൊറിയണം തേച്ചതായി സിദ്ധാര്‍ഥന്‍ പിന്നീട് പരാതി നല്‍കി. ഇതുപ്രകാരം 2007 ല്‍ പോലീസ് കേസെടുത്തു. എന്നാല്‍ കേസിന്റെ നടപടികള്‍ നീളുകയായിരുന്നു. ഇരുഭാഗത്തുംനിന്ന് ഡോക്ടര്‍മാരും പോലീസ് ഓഫീസര്‍മാരുമടക്കം 43 ഓളം സാക്ഷികളെ വിസ്തരിച്ചു. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ജോണ്‍ ജൂഡ് ഐസക്ക്, ജെറീന ജൂഡ് എന്നിവര്‍ ഹാജരായി. ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യമെടുത്ത് അപ്പീലിനായി നടപടി തുടങ്ങി.


RELATED STORIES