ഇനി ആഴങ്ങളില്‍ മുങ്ങിത്തപ്പി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളും തയാര്‍

പുരുഷന്മാരുടെ കുത്തകയായിരുന്ന 'മുങ്ങലില്‍' സ്ത്രീകളും വിദഗ്ധരാകുകയാണ്. രാജ്യത്ത് ഇതാദ്യമായി വനിതാ സ്‌കൂബാ സംഘം സജ്ജമാകുന്നത് കേരളാ ഫയര്‍ഫോഴ്‌സില്‍. ആദ്യബാച്ചിലെ 20 പേരുടെ പരിശീലനം കൊച്ചിയുടെ ഓളപ്പരപ്പിലാണ്.

കേരളാ ഫയര്‍ഫോഴ്‌സില്‍ ആദ്യമായിട്ടാണ് 100 വനിതകളെ പി.എസ്.സി. മുഖാന്തിരം ഒരു വര്‍ഷം മുമ്പ് റിക്രൂട്ട് ചെയ്തത്. ഇതില്‍ 80 പേരാണ് സ്‌കൂബാ ഡൈവിങിലേക്ക് നിയോഗിതരായത്. ഇവരിലെ ആദ്യ ബാച്ചാണ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഫയര്‍ഫോഴ്‌സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ട്രെയിനിങ് ഇന്‍ വാട്ടര്‍ റെസ്‌ക്യു(ഐ.എ.ടി.ഡബ്ല്യു.ആര്‍)വില്‍ പരിശീലനം നടത്തുന്നത്. ഫയര്‍ഫോഴ്‌സിലെ പുരുഷ സ്‌കൂബാ ഡൈവര്‍മാരാണ് പരിശീലകര്‍. എട്ടു ദിവസത്തെ പരിശീലനത്തിനുശേഷം സംഘം ഇന്നലെ മുതല്‍ തിരുവാണിയൂരിനു സമീപം ചീരക്കാട്ടുപാറ ക്വാറിയില്‍ സാഹസിക പരിശീലനം ആരംഭിച്ചു. 80 അടി ആഴത്തില്‍വരെ മുങ്ങാനുള്ള പരിശീലനമാണു നല്‍കുന്നത്.

ബേസിക് ഓപ്പണ്‍ ഡൈവിങ്(ബി.ഒ.ഡി) ആണ് പരിശീലിപ്പിക്കുന്നത്. ഇത് വിജയിച്ചാല്‍ അഡ്‌വാന്‍സ്ഡ് ഓപ്പണ്‍ ഡൈവിങ്(എ.ഒ.ഡി) പരിശീലനം നല്‍കും. വനിതാസംഘം ഒൗദ്യോഗികമായി 13-ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ സ്‌കൂബാ ഡൈവര്‍മാരാകും.

RELATED STORIES