കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് തുക നിരസിക്കുന്നതായി വ്യാപക പരാതി

റേഷന്‍ വ്യാപാരികളെ 'കോവിഡ് പോരാളികള്‍' എന്നു വിശേഷിപ്പിച്ച് ഏഴുലക്ഷം രൂപയാണു കോവിഡ് ലൈഫ് ഇന്‍ഷുറന്‍സ് തുകയായി അനുവദിക്കുന്നത്. എന്നാല്‍, അര്‍ഹരായ പലരുടെയും അപേക്ഷ നിരസിക്കുന്നതായാണു പരാതി.

കോവിഡ് ബാധിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി രവീന്ദ്രന്റെ ഭാര്യയുടെ പരാതിയില്‍, തുക എത്രയും വേഗം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് പണം നല്‍കാത്തതിനേത്തുടര്‍ന്ന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണു പരാതിക്കാര്‍. 2021 സെപ്റ്റംബര്‍ രണ്ടിനാണ് രവീന്ദ്രന്‍ മരിച്ചത്. റേഷന്‍ വ്യാപാരികളുടെയും സെയില്‍സ്മാന്‍മാരുടെയും പട്ടികയില്‍ രവീന്ദ്രനുണ്ട്.

കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും റേഷന്‍ കടകളുടെ സുഗമമായ പ്രവര്‍ത്തനത്തിനുമാണ് വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. 2021 ഒക്‌ടോബര്‍ 10 മുതല്‍ മാത്രമേ പരിരക്ഷയുള്ളൂവെന്നു വ്യക്തമാക്കിയാണു പല അപേക്ഷകളും നിരസിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതു 2021 ജൂലൈ 12-നാണെന്നും അതിനാല്‍ അര്‍ഹതയുണ്ടെന്നുമാണു ഹര്‍ജിക്കാരിയുടെ വാദം.

ഇത് പരിഗണിച്ചാണ് തുക അനുവദിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ ഇന്‍ഷുറന്‍സ് ഇനത്തില്‍ 2.81 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ വിജ്ഞാപനം വരുന്നതിനു മുമ്പ് മരണമടഞ്ഞെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് മിക്ക അപേക്ഷകളും നിരസിക്കുന്നത്.

RELATED STORIES