യാത്ര: അമേരിക്ക ഓ അമേരിക്ക;  ജോർജ് മാത്യു പുതുപ്പള്ളി

ചിത്രത്തിൽ കാണുന്നത് മിഷിഗണിൽ നോവിയിലുള്ള 'ബ്രൈറ്റ്മൂർ ക്രിസ്ത്യൻ ചർച്ച്' (Bright moor Christian Church). മിഷിഗണിലെ മെഗാ പെന്തെക്കൊസ്ത് സഭകളിൽ ഒന്നാണിത്. ഭീമാകാരമായ ഒരു ക്രൈസ്തവ ആരാധനാലയം. കേരളത്തിലെ പെന്തെക്കൊസ്ത് സഭകളുടെ ആരാധനാരീതികളിൽ നിന്നും വ്യത്യസ്തമായ ആരാധനയാണ് ഇവിടുത്തേത്. ഇവിടെയുള്ള മിക്ക ഇംഗ്ളീഷ് പെന്തെക്കൊസ്തു സഭകളുടെയും മുമ്പിൽ വലിയൊരു കുരിശ് കാണും. വടക്കെ ഇന്ത്യയിലും ഇത്തരത്തിലുള്ള കുരിശുകൾ ഞാൻ കണ്ടിട്ടുണ്ട്.

സംഗീതത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് ഇംഗ്ളീഷ് മെഗാ ചർച്ചകൾ എല്ലാംതന്നെ. ആസ്‌ട്രേലിയയിൽ 'ഹിൽസോങ്‌ ചർച്ചിലും' (Hillsong Church) ഒരു ക്രിസ്തീയ പ്രോഗ്രാം കാണുവാൻ ഞാനും സാലിയും പോയിരുന്നു. ഭീമാകാരമായ ആ ചർച്ചിനെക്കുറിച്ച് എന്റെ ആസ്‌ട്രേലിയൻ യാത്രാവിവരണത്തിൽ (കംഗാരുവിന്റെ നാട്ടിലൂടെ ഒരോട്ട പ്രദക്ഷിണം) ഞാൻ എഴുതിയിട്ടുണ്ട്. അത്രയും വലിപ്പം മിഷിഗണിലെ ബ്രൈറ്റ്മുർ ക്രിസ്ത്യൻ ചർച്ചിന് ഇല്ലെങ്കിലും ഏകദേശം അതിനു തൊട്ടുപിന്നിൽ തന്നെ ഇതും നിലയുറപ്പിച്ചിരിക്കുന്നു. സംഗീതപ്രധാനമാണ് ഇവിടുത്തെ ആരാധനാരീതികളും.

ഞാൻ വിശ്വാസമാർഗത്തിൽ വന്ന ദിവസം മുതൽ ഇന്നുവരെ കുടുംബമായി ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയിലെ ഒരു അംഗവും ജനറൽ മിനിസ്റ്ററുമാണ്. കേരളത്തിലെ പെന്തെക്കൊസ്തു സഭകളുടെ വിശ്വാസവും ആരാധനാരീതിയും പിന്തുടരുന്നതാണ് എനിക്കു താല്പര്യം. അതിൽനിന്നും വ്യതിചലിച്ചുകൊണ്ടുള്ള ആരാധനാരീതികളോട് എനിക്ക് ആഭിമുഖ്യമില്ല. എങ്കിലും വിദേശയാത്രകളിൽ ഇംഗ്ളീഷ് പെന്തെക്കൊസ്തു സഭകളിൽ പൊതുവായി നടക്കുന്ന പ്രോഗ്രാമുകളിൽ ക്ഷണം ലഭിച്ചാൽ ഞാൻ പങ്കെടുക്കാറുണ്ട്.

2024 ഡിസംബർ 11 മുതൽ 15:വരെ മിഷിഗൺ നോവി ബ്രൈറ്റ്മൂർ ക്രിസ്ത്യൻ ചർച്ചിൽ ക്രിസ്മസിനോട്‌ അനുബന്ധിച്ച് ഒരു വലിയ സമ്മേളനം നടക്കുകയാണ്. അഞ്ചു ദിവസങ്ങളിലായി വിവിധ തരം പ്രോഗ്രാമുകൾ വിശ്വാസികൾ ചേർന്ന് അവതരിപ്പിക്കുകയാണ്. യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള പ്രോഗ്രാമുകളാണ് അവയിൽ എല്ലാം തന്നെ. പരിപാടികളിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന സദുദ്ദേശ്യമാണ് സഭാപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഏതുവിധേനെയും ലോകത്തിന്റെ വെളിച്ചവും ലോകരക്ഷകനുമായ യേശുവിനെ മാലോകർക്ക് പരിചയപ്പെടുത്തുക.

എനിക്കും കുടുംബത്തിനും പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള പാസ് ലഭിച്ചു. ഇത്തരം അവസരങ്ങൾ പൊതുവെ ഞാൻ പാഴാക്കാറില്ല. ഒരു പത്രപ്രവർത്തകന്റെ ഉത്സാഹത്തോടും സുവിശേഷകന്റെ ആത്മാവോടും കൂടിയായിരിക്കും ഇത്തരം ചടങ്ങുകളിൽ ഞാൻ സംബന്ധിക്കുക. യേശുകർത്താവിനെ വിളിച്ചറിയിക്കുന്നതും വിശുദ്ധ ബൈബിൾ വിശ്വാസത്തിൽ അധിഷ്ഠിതമായതുമായ ഏത് ആത്മീയപരിപാടികളിലും വിശ്വാസമാർഗത്തിൽ വന്നനാൾ മുതൽ ഞാൻ പങ്കെടുക്കാറുണ്ട്. നോവി ബ്രൈറ്റ്മുർ ക്രിസ്ത്യൻ ചർച്ചിൽ ഇന്നു വൈകിട്ട് നടന്ന ക്രിസ്മസ് പ്രോഗ്രാമിലും കുടുംബമായി ഞങ്ങൾ പങ്കെടുത്തു.

എന്റെ സെമിനാരി പ്രഫസറും ഗുരുനാഥനുമായിരുന്ന ഡോ. ഗീവർഗീസ് മാർ ഒസ്താത്യോസ് മെത്രാപ്പൊലിത്ത ഒരിക്കൽ ക്‌ളാസിൽ പറഞ്ഞ വാചകം ഞാൻ പലപ്പോഴും ഓർക്കാറുണ്ട് : 'യേശുക്രിസ്തു മഹാദൈവമാണെന്ന് പ്രസംഗിക്കുവാൻ നരകത്തിൽ ഒരു അവസരം ലഭിച്ചാലും അത് വേണ്ടെന്ന് വയ്ക്കരുത്. അവിടെയും ചെന്ന് യേശുവിനെ പ്രസംഗിക്കണം.' അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ച ആത്മീയാർത്ഥം 'എവിടെ യേശുവിനെ ഉയർത്തുവാൻ അവസരം കിട്ടിയാലും അത് ബുദ്ധിപൂർവം വിനിയോഗിക്കുക' എന്നതാണ്. ഒരു യഥാർത്ഥ സുവിശേഷകന്റെ ഉത്തരവാദിത്തവും അതു തന്നെയാണ്‌.

ഞങ്ങളുടെ വീട്ടിൽനിന്ന് മുക്കാൽ മണിക്കൂർ കാർ ഡ്രൈവ് ചെയ്തുവേണം ബ്രൈറ്റ്മുർ ചർച്ചിൽ എത്തുവാൻ. എന്റെ മരുമകൻ പ്രിൻസിന്റെ കാറിൽ ഞങ്ങൾ ചർച്ചിലെത്തി. നൂറു കണക്കിനു കാറുകൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിറഞ്ഞു കിടക്കുന്നു. മൈനസ് ഏഴ് ഡിഗ്രിയാണ് താപനില. റോഡിന് ഇരുവശവും ഭംഗിയുള്ള മഞ്ഞ് തരികൾ കൂനകൂടി കിടക്കുന്നു. അര മണിക്കൂർ ആ കാലാവസ്ഥയിൽ നിന്നാൽ എത്ര ആരോഗ്യവാനും മരിച്ചു വീഴുമെന്ന് എനിക്കു തോന്നി. അങ്ങനെ ചിലർ മരിച്ചതായ വാർത്തകൾ ഞാൻ കേട്ടിട്ടുമുണ്ട്.

ശരീരമാസകലം കമ്പിളിയിൽ പൊതിഞ്ഞ് സോക്സും ഷൂസും ഗ്ലൗസും തൊപ്പിയുമണിഞ്ഞ് കാറിൽ നിന്നും ഇറങ്ങി സാലിയുടെയും കൊച്ചുമക്കളുടെയും കയ്യിൽ പിടിച്ച് ഞങ്ങൾ ചർച്ചിലേക്ക് ഓടിക്കയറി. അതിബ്രഹത്തായ ഗാലറി മുഴുവൻ നിറഞ്ഞു കവിഞ്ഞിരുന്നു. ആയിരക്കണക്കിനു ജനം. പല രൂപത്തിലും വേഷത്തിലും ഉള്ളവർ. 'ജീസസ്' എന്നും 'ഹാലേലൂയ്യ' എന്നുമുള്ള വാക്കുകൾ ഏവരുടെയും കണ്ഠങ്ങളിൽ നിന്നു മുഴങ്ങുന്നുണ്ടായിരുന്നു. യേശുകർത്താവിന്റെ ജനനത്തെ പ്രകീർത്തിക്കുന്ന മധുരഗാനങ്ങൾ കാതുകൾക്ക് ഇമ്പം പകർന്നു. സുവിശേഷവുമായി ബന്ധപ്പെട്ട് സഭാവിശ്വാസികൾ അവതരിപ്പിച്ച വിവിധ പ്രോഗ്രാമുകൾ അത്യന്തം ഹൃദ്യമായി തോന്നി. യേശുകർത്താവിന്റെ ജനനത്തിന്റെ ഉദ്ദേശ്യം വെള്ളക്കാരനായ ചീഫ് പാസ്റ്റർ മനോഹരമായി വിവരിച്ചു. മൊത്തത്തിൽ ഒരു ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത പ്രതീതി. പ്രോഗ്രാം കഴിഞ്ഞ് ഞങ്ങൾ നേരെ കാറിൽ വീട്ടിലേക്ക്. 

RELATED STORIES