അമേരിക്ക ഓ അമേരിക്ക: യാത്രാ വിവരണം - 07, 
ജോർജ് മാത്യു പുതുപ്പള്ളി

അമേരിക്കയിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാജ്യം മുഴുവൻ ക്രിസ്മസ് നക്ഷത്രങ്ങളുടെയും ക്രിസ്മസ് ട്രീകളുടെയും കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികശോഭയിൽ ജ്വലിച്ചു നിൽക്കുന്നു. ലോകരക്ഷകനും മഹാദൈവവുമായ യേശുക്രിസ്തുവിനെ രാജ്യം മുഴുവൻ ഒരുമിച്ച് അനുസ്മരിക്കുന്നു.

ആദ്യമായി പറയട്ടെ, യേശുക്രിസ്തു ജനിച്ചത് ഡിസംബർ മാസത്തിലല്ല.

ഇക്കാര്യം വിശുദ്ധ ബൈബിളും വ്യക്തമാക്കുന്നുണ്ട്. യഹൂദനാട്ടിൽ കടുത്ത ചൂടുള്ള സമയത്താണ് യേശു ജനിച്ചത്. അതിനാൽ യേശുവിന്റെ ജനനം മെയ്‌, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ

ഏതോ ഒരു ദിവസമാകാമെന്ന്

വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

സൂര്യൻ എന്നത് വെറും കെട്ടുകഥയാണെന്ന് വിശ്വസിക്കേണ്ടി വന്നാൽപ്പോലും യേശുവിന്റെ തിരുപ്പിറവി അതിലേറെ യഥാർത്ഥ്യമാണ്. മാനവജാതിയുടെ പാപപരിഹാരത്തിനായി മഹാദൈവമായ യേശുകർത്താവ് ബേതലഹേമിൽ ജനിച്ചുവെന്ന് ദൈവത്തിന്റെ പുസ്തകമായ വിശുദ്ധ ബൈബിളും

ലോകചരിത്രവും അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. കാലങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഏക സൂചികയും

യേശുവിന്റെ തിരുജനനമാണ്

(ബി സി & എ ഡി).

എങ്കിലും കാലാകാലങ്ങളായി ലോകം ഡിസംബർ 25 നു ക്രിസ്മസായി ആഘോഷിക്കുന്നു. അതിനു പിന്നിൽ മറ്റു ചില കാരണങ്ങളാണുള്ളത്.

ജാതീയ ആഘോഷമായ

സൂര്യന്റെ പെരുനാളും, നീതിസൂര്യനായ യേശുവിന്റെ ജനനവും ഒരു ദിവസം തന്നെ ആഘോഷിക്കാൻ അന്നുള്ളവർ തീരുമാനിച്ചതുകൊണ്ടാണ് യേശുവിന്റെ ജനനദിവസം തെറ്റായ തീയതിയിൽ ആകുവാൻ ഇടയായത്. പ്രപഞ്ചം സൃഷ്ടിച്ച മഹാദൈവമായ യേശു ബേതലഹേമിൽ ജനിച്ചു എന്നതിനാണ്,

എന്നു ജനിച്ചു എന്നതിനെക്കാൾ പ്രാധാന്യം.

മലയാളത്തിലെ പത്രമാസികകളിൽ എല്ലാ വർഷവും ക്രിസ്മസ് രചനകൾ നടത്തുവാൻ എനിക്ക് അവസരം 

ലഭിച്ചിട്ടുണ്ട്. പതിനാലാം വയസു മുതൽ

കഴിഞ്ഞ വർഷംവരെ ഒറ്റ വർഷം മുടങ്ങാതെ തുടർച്ചയായി ഞാൻ മലയാളത്തിലെ മിക്കവാറും എല്ലാ പത്രമാസികകളിലും ക്രിസ്മസ് എഴുത്ത്

തുടർന്നു വരുന്നു. യേശുക്രിസ്തു 

ആദിയും അന്തവും ഇല്ലാത്ത മഹാദൈവമാകയാൽ യേശുവിനു മാനുഷികമായോ ദൈവികമായോ ജന്മദിനമില്ല എന്നതാണു ദൈവശാസ്ത്രപരമായ സത്യം. 'ആദിക്കും മുമ്പെയുള്ള'

(Before the Beginning) മഹാദൈവമാണല്ലോ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവം.

അവിടുന്ന് 'സ്വയംഭൂ' ആണ്.

യേശുകർത്താവ് സൃഷ്ടിയല്ല, സകലത്തിന്റെയും സ്രഷ്ടാവ് ആണ്.

ഡിസംബറിന്റെ ആദ്യദിവസം മുതൽ പ്രകൃതിപോലും ക്രിസ്മസിനു വേണ്ടി ഒരുങ്ങുമായിരുന്നു എന്ന് എനിക്കു തോന്നിയിട്ടുണ്ട്. സുഖമുള്ള കുളിരുള്ള ഒരു തണുപ്പ് അന്തരീക്ഷത്തിൽ നിറയും.

എന്റെ വീടിനു മുകളിലുള്ള കോഴിമലപ്പള്ളിയിലെ ചൂളമരങ്ങൾ കാറ്റിൽ ഒരു പ്രതേക ശബ്ദമുണ്ടാക്കി ഇളകിയാടും. 'വരൂ, എന്റെ കൊമ്പുകൾ വെട്ടിയെടുക്കൂ, ക്രിസ്മസ് വിളക്ക് ഉണ്ടാക്കാനും ക്രിസ്മസ് ട്രീ നിർമ്മിക്കാനും ഇതാ ഞാൻ തയാറായി നിൽക്കുന്നു' എന്ന് ചൂളമരങ്ങൾ എന്നോടു പറയുന്നതായി എനിക്കു തോന്നിയിരുന്നു.

ഞാൻ അന്ന് ഓർത്തഡോക്സ് സഭാവിശ്വാസിയായിരുന്നെങ്കിലും

പുതുപ്പള്ളി കോഴിമലപ്പള്ളിയിലെ സിഎസ്ഐ അച്ചന് എന്നെ ഒത്തിരി ഇഷ്ടമായിരുന്നു. അച്ചന്റെ മൂത്ത മകളും ഞാനും കളിക്കൂട്ടുകാരായിരുന്നു.

അച്ചൻ തന്നെ ചൂളമരക്കമ്പുകൾ വെട്ടി എനിക്കു തരും. വീട്ടുമുറ്റത്ത് ഞാൻ ക്രിസ്മസ് ട്രീ നടും. ചൂളക്കമ്പുകൾ കൊണ്ട് ഞാനും കൂട്ടുകാരും ക്രിസ്മസ് വിളക്കുകൾ ഉണ്ടാക്കും.

അന്ന് എന്റെ വീട്ടിൽ കറണ്ട് എത്തിയിട്ടില്ല. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലാണ് ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കുന്നത്. പുതുപ്പള്ളി കവലയിലെ

ചെറിയാച്ചന്റെ കടയിൽനിന്നും വർണ്ണക്കടലാസുകൾ വാങ്ങി ക്രിസ്മസ് സ്റ്റാറിൽ ഒട്ടിക്കും. മുറ്റത്തെ ചെടിയിൽ ക്രിസ്മസ് സ്റ്റാർ തൂക്കും.

അതിനുള്ളിൽ ചെറിയ മെഴുകുതിരി കത്തിച്ചു വയ്ക്കും. ഇടവകപ്പള്ളി വക കാരളും, ബാലജനസംഖ്യം വക കാരളും രണ്ട് ആഴ്ചകളിലായാണ് നടത്തുക.

രാത്രി എട്ടിനു തുടങ്ങുന്ന കാരൾ സന്ദർശനം മിക്കവാറും വെളുപ്പിന് നാലു മണി വരെ നീണ്ടു നിൽക്കും. കാരൾ യാത്രയിൽ പത്തു പതിനഞ്ചു പേർ കാണും. ചില വർഷങ്ങളിൽ ഞാൻ ക്രിസ്മസ് ഫാദറിന്റെ വേഷം കെട്ടും.

ഓരോ വീടുകളിലും ചെന്ന് ക്രിസ്മസ് പാട്ടുകൾ പാടും. താളത്തിനനുസരിച്ച് സാന്താക്ളോസ് ആടിത്തകർക്കും.

കുട്ടികൾക്ക് ചോക്ലേറ്റ് നൽകും.

ഒരു ദിവസം ഇടവകപ്പള്ളി വക

ക്രിസ്മസ് കാരൾ സന്ദർശനത്തിനു വെളുപ്പിനു രണ്ടു മണിക്കാണ് ഞങ്ങൾ ഒരു വീട്ടിൽ ചെന്നത്.

പാട്ടു കേട്ട് ആ വീട്ടിലെ ചേട്ടത്തി ഉറക്കപ്പിച്ചോടെ കണ്ണും തിരുമ്മി

വാതിൽ തുറന്നു. ക്രിസ്മസ് ഫാദറായ ഞാനും പാട്ടുപാടി തുള്ളിക്കളിച്ചു.

എന്നെ കണ്ടതോടെ 'അയ്യോ'

എന്നു അലറിവിളിച്ച് ചേട്ടത്തി

താഴെ വീണു. കുറെ കഴിഞ്ഞാണ് ബോധം വീണത്. ഞാനായിരുന്നു ക്രിസ്മസ് ഫാദർ എന്ന കാര്യം ആ വീട്ടുകാർ അറിയാതിരുന്നതിനാൽ കുറച്ചു നാളത്തേക്ക് ഞാൻ രക്ഷപ്പെട്ടു.

ഞാനായിരുന്നു ക്രിസ്മസ് ഫാദർ എന്ന കാര്യം പിന്നീട് ആരോ പറഞ്ഞ്

ചേട്ടത്തി അറിഞ്ഞു. ഞാൻ ചേട്ടത്തിയെ അറിഞ്ഞുകൊണ്ട് പേടിപ്പിച്ചതല്ലല്ലോ.

എന്നിട്ടും എനിക്ക് അൽപം കുറ്റബോധം തോന്നി. പിന്നീട് വഴിയിൽവച്ചു കാണുമ്പോളൊക്കെ ചേട്ടത്തി എന്നെ ഗൗരവത്തിൽ ഒന്നുനോക്കി ഇരുത്തി ഒന്നു മൂളുമായിരുന്നു. വർഷങ്ങൾക്കു ശേഷം പാവം ചേട്ടത്തി മരിച്ചപ്പോൾ ശവമടക്കിനു വൈദികനായ ഞാനും ഉണ്ടായിരുന്നു. ചേട്ടത്തി ശവപ്പെട്ടിയിൽ

ശാന്തമായി കിടക്കുന്നതു കണ്ടപ്പോൾ ഞാൻ ഇക്കാര്യം ഓർത്തുപോയി.❤

RELATED STORIES