കുമ്പനാട് കൺവെൻഷൻ: ജനുവരി 12 മുതൽ 19 വരെ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ 2025 ജനുവരി 12 മുതൽ 19 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഫെബ്രോൺപുരത്ത് നടക്കും. സഭയുടെ ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ റവ. ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിൻ സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്, ട്രഷറർ ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പുരോഗമിച്ചു വരുന്നു. 

ഏകദേശം 10 ലക്ഷം രൂപ മുടക്കി കൺവെൻഷൻ സ്റ്റേജിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ഡിസംബർ 17ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് നിർവഹിക്കുമെന്ന് പബ്ലിസിറ്റി ചെയർമാൻ പാസ്റ്റർ ഫിലിപ് പി. തോമസ് മീഡിയ കൺവീനർ പാസ്റ്റർ വർഗീസ് മത്തായി എന്നിവർ അറിയിച്ചു.

ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായുള്ള 101 ദിവസത്തെ ഉപവാസ പ്രാർത്ഥന ഹെബ്രോൺ പുരത്തുള്ള പ്രയർ ചേമ്പറിൽ നടന്നു വരുന്നു. കൂടാതെ കേരളത്തിലെ വിവിധ മേഖലകളിൽ പ്രയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ നടന്നു. ഇരുപതാം തീയതി മുതൽ 21 ദിവസം പ്രയർ ചേമ്പറിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് ജനറൽ, സ്റ്റേറ്റ്, റീജൻ ചുമതലക്കാരും സീനിയർ ശുശ്രൂഷകന്മാരും നേതൃത്വം നൽകും .

പാസ്റ്റർ. വത്സൻ എബ്രഹാം നേതൃത്വം നൽകുന്ന കൺവെൻഷൻ ക്വയർ പരിശീലനം ആരംഭിച്ചു. ഇവരെ കൂടാതെ പ്രശസ്ത ഗായകരും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

RELATED STORIES