അഞ്ച് മണിക്കൂറിൽ സിറിയയിലേക്ക് ഇസ്രായേൽ അയച്ചത് 60 മിസൈലുകൾ; തിരിച്ചടിക്കുമെന്ന് വിമത പക്ഷം

ഡമാസ്കസ്: സിറിയയിൽ ഇസ്രയേലിന്‍റെ ആക്രമണം തുടരുന്നു. കഴിഞ്ഞ അഞ്ച് മണിക്കൂറിനുള്ളിൽ മാത്രം സിറിയയുടെ വിവിധ ഭാഗങ്ങളിൽ 60 ലേറെ മിസൈലാക്രമണം നടത്തി ഇസ്രയേൽ. സിറിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമതർ രാജ്യതലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുക്കുകയും പ്രസിഡന്‍റ് ബഷർ അൽ അസദ് രാജ്യംവിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇസ്രയേൽ സിറിയയിലേക്ക് ആക്രമണം കടുപ്പിച്ചത്.

സിറിയൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേൽ 61 മിസൈലുകൾ തൊടുത്തതായി യുദ്ധ നിരീക്ഷകരായ ‘സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ്’നെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്രയേൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് സിറിയൻ വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി വ്യക്തമാക്കി. സിറിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജുലാനി ഇസ്രയേലിന്  നൽകിയത്. സിറിയയിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് മുന്നിൽ ഇനി ഒഴിവുകഴിവുകളില്ലെന്നും ഐഡിഎഫ് ആക്രമണങ്ങൾ പരിധി കടന്നെന്നും അബു മുഹമ്മദ് അൽ-ജുലാനി പറഞ്ഞു. വർഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘർഷങ്ങൾക്കും ശേഷം തളർന്ന സിറിയൻ സാഹചര്യം പുതിയ സംഘർഷങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും ജുലാനി പറഞ്ഞു.

RELATED STORIES