യാത്രാ വിവരണങ്ങൾ: അമേരിക്ക ഓ അമേരിക്ക: 10 ജോർജ് മാത്യു പുതുപ്പള്ളി

അമേരിക്കയിൽ മുടി വെട്ടിക്കാൻ ഞാനൊരു ബാർബർ ഷോപ്പിൽ പോയി. സോറി, അവിടെ ബാർബർ ഷോപ്പില്ല പകരം 'മെൻ ബ്യൂട്ടി ക്ലിനിക്കാണ്.' (Men Beauty Clinic) പുരുഷന്മാരും സ്ത്രീകളും അവിടെ മുടി വെട്ടുന്ന തൊഴിൽ ചെയ്യുന്നുണ്ട്. സുന്ദരിയായ ഒരു മദാമ്മയാണ്എന്റെ മുടിവെട്ടിയത്.


ആദ്യമായാണ് പുരുഷബാർബർ ഷോപ്പിൽ സ്ത്രീബാർബർമാരെ ഞാൻ കാണുന്നത്. മുടി വെട്ടിക്കാൻ വന്നവരെല്ലാം കുട്ടികളും യുവാക്കളും പുരുഷന്മാരുമാണ്. എയർ പോർട്ടിനെക്കാൾ മനോഹരവും വൃത്തിയുള്ളതുമായ ബ്യൂട്ടി പാർലർ.

25 ഡോളർ മുതൽ 50 ഡോളർ വരെയാണ് (ഏകദേശം 2100 മുതൽ 4200 വരെ ഇന്ത്യൻ രൂപ).

മുടി വെട്ടാനുള്ള ചാർജ്. വെട്ടുന്ന രീതിയാനുസരിച്ചാണ് തുക നിർണയിക്കുന്നത്.


അത്യന്താധുനികമായ ഫാഷനിലാണ് ആളുകൾ മുടി വെട്ടിക്കുന്നത്.

പലരുടെയും തലയിൽ വ്യത്യസ്ത ആകൃതിയിലുള്ള ഫ്ലവർവേസുകൾ 

ഫിറ്റ്‌ ചെയ്തതുപോലെ.

യുവാക്കളുടെ താടിയും പ്രത്യേക ഫാഷനിൽ ചിരച്ചു വച്ചിരിക്കുന്നു.

'ഏതു രീതിയിൽ വേണം മുടി വെട്ടേണ്ടത് ?' മദാമ്മ എന്നോടു തിരക്കി.

അടുത്ത ദിവസം സഭയിൽ പ്രസംഗിക്കേണ്ടതാണ്. ഇവർ എന്റെ തല ഏതു രീതിയിലാക്കി വയ്ക്കും എന്നു ഞാൻ ഭയന്നു.


നാട്ടിലെ നാടൻ ശൈലിയിൽ മതിയെന്ന് ഞാൻ എന്റെ മരുമകൻ പ്രിൻസിനോടു പറഞ്ഞു. അദ്ദേഹം മദാമ്മയോടു വിശദമായി കാര്യങ്ങൾ പറഞ്ഞു.

മുടി വെട്ടുമ്പോൾ വളരെ ഭയത്തോടെയാണ് ഞാൻ ഇരുന്നത്.

ഇന്ത്യക്കാരനായ എന്റെ തല

അവർ ഏതു രൂപത്തിലാക്കും എന്നു ഞാൻ ഭയന്നിരുന്നു. മുടി വെട്ടുന്ന ഉപകരണങ്ങളെല്ലാം അത്യാധുനികങ്ങളാണ്. വളരെ വേഗതയിലാണ് അവരുടെ കൈകൾ നമ്മുടെ തലയിലൂടെ ചലിക്കുക.


മദാമ്മ എന്നോട് ഒരു ചിരകാലസുഹൃത്തിനോടെന്നവണ്ണം 

മഴവെള്ളപ്പാച്ചിൽ പോലെ  സംസാരിക്കാൻ തുടങ്ങി.

ലോകത്തിലെ ബാർബർമാരെല്ലാം ഒരു കാര്യത്തിൽ ഒരേ സ്വഭാവക്കാരാണ്.

സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും അവർ

വാപൂട്ടാതെ സംസാരിച്ചുകൊണ്ടിരിക്കും.

എന്റെ സമൃദ്ധമായ താടി കണ്ട്

അവർ ചോദിച്ചു :

'Are you a priest from India ?'

(താങ്കൾ ഇന്ത്യയിൽ നിന്നുള്ള ഒരു വൈദികനാണോ ?)

'അതെന്താണ് അങ്ങനെ ചോദിച്ചത് ?'

ഞാൻ തിരക്കി.

'അല്ല, രൂപം കണ്ടപ്പോൾ തോന്നി'

അവർ പറഞ്ഞു.


മുടി വെട്ടുന്ന സമയത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഭൂമിശാസ്ത്രം

മുഴുവൻ അവർ എന്നോടു ചോദിച്ചു മനസിലാക്കി. ഇടയ്ക്കിടക്ക് ചൂളമടിക്കുന്നതു പോലൊരു ശബ്ദം അവരുടെ മൂക്കിലോടെ പുറപ്പെട്ടിരുന്നു.

കടുത്ത ആസ്തമ ആ യുവസുന്ദരിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും തന്റെ തൊഴിലിൽ അവർ അത്യുത്സാഹിയായിരുന്നു.

മുടി വെട്ടിത്തീർന്നു. ഞാൻ പ്രതീക്ഷിച്ചതിലും ഭംഗിയായി അവർ മുടി വെട്ടി.


താടി വെട്ടണമോ എന്ന് അവർ ചോദിച്ചു.

താടി വെട്ടിക്കാനുള്ള ധൈര്യം എനിക്ക് എല്ലായിരുന്നു. താടി വെട്ടുന്നത് ശരിയായില്ലെങ്കിൽ എന്റെ രൂപം തന്നെ ആകെ മാറിപ്പോകും. എനിക്ക് എന്നെപ്പോലും തിരിച്ചറിയാൻ കഴിയാതെ വരും. 24 വയസ് മുതൽ ഞാൻ താടി വളർത്താൻ തുടങ്ങിയതാണ്.

എന്റെ ഭാര്യ സാലി പോലും ക്ളീൻ ഷേവുള്ള എന്റെ മുഖം ഇന്നുവരെ കണ്ടിട്ടില്ല.


മുടിവെട്ടുമായി ബന്ധപ്പെട്ട നിരവധി ചിന്തകൾ എന്റെ മനസിലൂടെ കടന്നുപോയി. എന്റെ ബാല്യത്തിൽ

ഫാഷനിൽ മുടിവെട്ടിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല. സ്ഥിരമായി എന്റെ മുടി വെട്ടിച്ചിരുന്നത് പുതുപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിലുള്ള ചെല്ലപ്പന്റെ ബാർബർ ഷോപ്പിലാണ്. കുറച്ചുനാൾ മുമ്പ് ഞാൻ അതുവഴി പോയിരുന്നു.

ആ ബാർബർ ഷോപ്പ് അവിടെ കണ്ടില്ല.

ചെല്ലപ്പന്റെ മുറുക്കാൻ വായിലിട്ടു കൊണ്ടുള്ള ചിരി എന്റെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.


അരയിഞ്ച് നീളത്തിൽ കൂടിയ മുടി എന്റെ തലയിൽ വേണ്ടെന്ന് അമ്മയ്ക്കു നിർബന്ധമായിരുന്നു. എന്റെ കൂട്ടുകാരെല്ലാം അന്നത്തെ ഫാഷനിൽ മുടി വെട്ടി ക്‌ളാസിൽ വരുമ്പോൾ ഞാൻ മാത്രം 'ചെമ്മീൻ' സിനിമയിലെ ചെമ്പൻകുഞ്ഞിന്റെ

(കൊട്ടാരക്കര ശ്രീധരൻ നായർ)

ഹെയർ സ്റ്റൈലുമായി ക്‌ളാസിലെത്തും. വലിയ തലയും, വലിയ മൂക്കും,

ശോകശ്ചവി കലർന്ന കണ്ണുകളും

പറ്റെ വെട്ടിയ തലയുമായി ഒരു വല്ലാത്ത രൂപമായിരുന്നു എനിക്കന്ന്.

കൂട്ടുകാർ പാട്ടുപാടുമ്പോൾ എന്റെ തലയിൽ താളം പിടിക്കും. ചിലർ അവരുടെ കൈ എന്റെ തലയിലൂടെ ഉരച്ചുകൊണ്ടുപോകും. എല്ലാം സഹിക്കുകയല്ലാതെ മറ്റൊരു മാർഗവും എനിക്കുണ്ടായിരുന്നില്ല.


അന്നത്തെ ഒരു ഫാഷനായിരുന്നു 'കുരുവിക്കൂട്.' നെറ്റിയുടെ മുകളിൽ മുടി ഒരു കുരുവിക്കൂടു പോലെ ഫിറ്റ്‌ ചെയ്യും.

എന്റെ ക്‌ളാസിലെ കുട്ടികളെല്ലാം കുരുവിക്കൂട് വച്ചിരുന്നു. ഇടയ്ക്കിടെ അവർ കൈകൊണ്ട് കുരുവിക്കൂട് ശരിക്കു തന്നെയാണോ ഇരിക്കുന്നതെന്ന് തപ്പിനോക്കും.

ഞാനും ദു:ഖത്തോടെ അറിയാതെ എന്റെ തലയിൽ തപ്പിനോക്കും.

തലയിൽ കുരുവിക്കൂട് കാണാതെ

ഞാൻ വിഷമിക്കും.


അമ്മയറിയാതെ ഒരു കുരുവിക്കൂട് വയ്ക്കാൻ ഞാനും തീരുമാനിച്ചു.

ബാർബർ ചെല്ലപ്പനോട് ഒരു ചെറിയ കുരുവിക്കൂട് എന്റെ തലയിലും ഫിറ്റ്‌ ചെയ്യാൻ ഞാൻ അപേക്ഷിച്ചു. എന്റെ വിഷമം കണ്ട അയാൾ മുടി പറ്റെ വെട്ടിയിട്ട് തലയുടെ മുൻവശത്ത് ഒരു ചെറിയ കുരുവിക്കൂട് ഫിറ്റ്‌ ചെയ്തു.

അമ്മ ശ്രദ്ധിക്കാതിരിക്കാൻ വീട്ടിൽ ചെല്ലുമ്പോൾ ഞാൻ കുരുവിക്കൂട് തട്ടിക്കളയും. സ്കൂളിൽ ചെല്ലുമ്പോൾ വീണ്ടും കുരുവിക്കൂട് വയ്ക്കും.


ഒരു ദിവസം തലയുടെ മുൻവശത്ത്

മുടി പതിവിൽ കൂടുതൽ നീളത്തിൽ

വളർന്നു നിൽക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മ മുടിയുടെ നീളം കൈകൊണ്ട് അളന്നു നോക്കി.

എന്നെയും വിളിച്ചുകൊണ്ട് അമ്മ ബാർബർ ഷോപ്പിലെത്തി. വീണ്ടും എന്റെ മുടി വെട്ടാൻ ചെല്ലപ്പനോടു പറഞ്ഞു.

ഒരാഴ്ച മുമ്പാണ് എന്റെ മുടി വെട്ടിയത്.

ഒരാഴ്ചക്കുള്ളിൽ രണ്ടു പ്രാവശ്യം

മുടി വെട്ടിക്കുന്ന ലോകത്തിലെ പ്രഥമ പൗരൻ ഞാനായിരിക്കും. ചെല്ലപ്പൻ ദയനീയമായി എന്നെ

ഒന്നു നോക്കി. പിന്നീട് വേദനയോടെ

എന്റെ സ്വപ്നമായിരുന്ന കുരുവിക്കൂട്  തലയിൽനിന്നു മായിച്ചു കളഞ്ഞു.

പ്രീഡിഗ്രിക്കു പഠിക്കുന്നതു വരെ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഹെയർ സ്റ്റൈലിലാണ് ഞാൻ കോളജിൽ പൊയ്ക്കൊണ്ടിരുന്നത്.


രണ്ടു കാരണങ്ങൾ കൊണ്ടാണ് മുടി വളർത്താൻ അമ്മ എന്നെ സമ്മതിക്കാതിരുന്നത്. ഒന്ന്, ഞാൻ ഫാഷൻ കയറി ആത്മീയം ഉപേക്ഷിക്കുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു. രണ്ട്, വൈദികവൃത്തിക്കു പകരം ഞാൻ മറ്റേതെങ്കിലും

തൊഴിൽ സ്വീകരിക്കുമോ എന്ന പേടിയും പാവത്തിനുണ്ടായിരുന്നു. എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് അമ്മയോട് അതിശക്തമായി പ്രതിഷേധിക്കണമെന്നു പല തവണ ഞാൻ ചിന്തിച്ചതാണ്. പക്ഷെ ലോകത്തിൽ മറ്റാരും എന്നെ സ്നേഹിച്ചതിലധികമായി

എന്നെ സ്നേഹിച്ച, എനിക്കുവേണ്ടി മാത്രം ജീവിച്ച അമ്മയുടെ മനസ് വേദനിപ്പിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല.


ഞാൻ വൈദികപട്ടം സ്വീകരിക്കുന്നതിന് തലേന്നും മുടി വെട്ടിക്കാൻ

ചെല്ലപ്പന്റെ ബാർബർഷോപ്പിലാണ് ചെന്നത്. 'എങ്ങനെ മുടി വെട്ടണം ?' എന്നു ചെല്ലപ്പൻ ചോദിച്ചു.

'കൊട്ടാരക്കര ശ്രീധരൻ നായർ സ്റ്റൈലിൽ തന്നെ വെട്ടിക്കോളൂ'

എന്നു ഞാൻ പറഞ്ഞു. മുറുക്കാൻ വായിലിട്ടുചവച്ചു  ചിരിച്ചുകൊണ്ട് ചെല്ലപ്പൻ എന്നെ

ഒരു നോട്ടം നോക്കി. ആ ചിരിയും നോട്ടവും എന്റെ ആയുസിൽ ഞാൻ മറക്കില്ല ❤.

RELATED STORIES