ഗള്‍ഫ് നാടുകളില്‍നിന്നും നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി
Reporter: News Desk 18-Dec-202491
ഒരു യുഎഇ ദിര്‍ഹത്തിന് 23.1389 ഇന്ത്യന്‍ രൂപ എന്നതാണ് ഇന്നലത്തെ നിരക്ക്. ഇതോടെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ കൂപ്പുകുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ സമയത്ത് ഒരു ദിര്‍ഹത്തിിന് 23.1369 രുപയായിരുന്നു. ഇതാണ് വീണ്ടും ഇന്നലെ ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്.
ഓഹരി വിപണികളിലുണ്ടായ നഷ്ടമാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഡോളര്‍ സൂചികയില്‍ നേരിയ ഇടിവുണ്ടായതോടെ അമേരിക്കന്‍ ബോണ്ട് വരുമാനത്തില്‍ വന്ന വര്‍ധനയും രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ കാരണമായി. സൗദി റിയാല്‍- 22.60, ഖത്തരി റിയാല്‍- 23.36 രൂപ, ബഹ്റൈന്‍ ദിനാര്‍- 225.23 രൂപ, കുവൈറ്റ് ദിനാര്‍- 276.05 രൂപ, ഒമാനി റിയാല്‍- 220.59 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. എന്നാല്‍ ഇന്ന് രൂപ നില അല്‍പം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് രൂപക്ക് 23.11 എന്ന നിലവാരമാണ് യുഎഇ ദിര്‍ഹവുമായുള്ളത്. ഇതേ രീതിയിലുള്ള മാറ്റം മറ്റ് ഗള്‍ഫ് മേഖലയിലെ കറന്‍സികളുടെ കാര്യത്തിലും ഉണ്ടാവും.
പെട്രോള്‍ മണിക്ക് മൂല്യം വര്‍ധിച്ചതോടെ നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയും മണി എക്‌സ്‌ചേഞ്ചുകളില്‍ കാണുന്നത്. യുഎസ് ഡോളറിനെതിരെ 84.92 രൂപയാണ് ഇന്നലത്തെ ഇന്ത്യന്‍ രൂപയുടെ മൂല്യം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്നലെ 11 പൈസ കൂടി ഇടിഞ്ഞ് 84.91 ആയിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും അത് കുറയുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡോളര്‍ ശക്തിപ്രാപിച്ചതാണ് ഇന്ത്യന്‍ കറന്‍സിക്ക് വലിയ തിരിച്ചടിയായത്. ട്രംപിന്റെ പുതിയ നയങ്ങള്‍ ഡോളറിനെ ശക്തിപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണ് മൂല്യം വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 84.93 ആയി കുറഞ്ഞെങ്കിലും പിന്നീട് 84.92 ആയി. ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞു. ഇപ്പോഴിത് 84.94 വ്യാപാരം നടക്കുന്നത്.