ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടണ്‍: ബന്ദികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ഹമാസിന് അന്ത്യശാസനം നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ ഞാന്‍ വീണ്ടും ചുമതലയേല്‍ക്കുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങും – മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് മുന്നറിയിപ്പ് നല്‍കി. ബന്ദികളാക്കിയ അമേരിക്കക്കാരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച ചോദ്യത്തോടായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും. അത് ഹമാസിനോ മറ്റാര്‍ക്കെങ്കിലുമോ ഗുണകരമാകില്ല. അതേപ്പറ്റി കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. വളരെ നേരത്തെതന്നെ അവര്‍ തിരിച്ചെത്തേണ്ടതാണ്. ഇനിയും അധികകാലം അവര്‍ ബന്ദികളായി തുടരില്ല. ഇസ്രയേലികളടക്കം തന്റെ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. അമേരിക്കക്കാരും അക്കൂട്ടത്തിലുണ്ട്. അവരുടെ മാതാപിതാക്കള്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. അവരുടെ ശവശരീരമെങ്കിലും തിരിച്ചുകിട്ടുമോ എന്ന് ചോദിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ചര്‍ച്ചകള്‍ തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് കരാര്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകും – ട്രംപ് മുന്നറിയിപ്പ് നല്‍കി.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. പലരെയും പിന്നീട് മോചിപ്പിച്ചു. അതില്‍ വിദേശപൗരരടക്കം നൂറോളം പേരെയാണ് ഇനിയും മോചിപ്പിക്കാനുള്ളത്. ഹമാസുകാർ
ആയുധംവെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ തൊട്ടടുത്തദിവസം യുദ്ധം നിര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.

ബന്ദികളെ മടക്കിക്കൊണ്ടുവരാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിര്‍ത്തില്ലെന്നും അദ്ദേഹം ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ബന്ദികളെ കൈമാറിയാല്‍ ശേഷിക്കുന്ന ഹമാസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലെന്നും മറിച്ച് അവരെ മുറിവേല്‍പ്പിക്കുന്നവരെ വേട്ടയാടുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കിയിരുന്നു നല്‍കി. മധ്യസ്ഥശ്രമങ്ങള്‍ നടക്കുമ്പോഴും ബന്ദികളുടെ മോചനം വൈകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അന്ത്യശാസനം.

RELATED STORIES