ഇനി ഇടുക്കിയിലേക്ക് ഈ ഇരട്ട സഹോദരങ്ങൾ വരേണ്ടെന്ന് പോലീസ്

ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. കുമാരമംഗലം പള്ളിപ്പീടിക ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുമാരമംഗലം സ്വദേശികളായ കണ്ണന്‍ എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കോച്ചാപ്പി എന്നു വിളിക്കുന്ന ഷെമന്റ് (23) എന്നീ ഇരട്ട സഹോദരങ്ങളെ കാപ്പാ നിയമം ചുമത്തി നാട് കടത്തി. ഇവര്‍ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യജീവിതത്തിനും പൊതു സമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളില്‍ നിന്നും ഇവരെ തടയുന്നതിനായാണ് ഈ പുറത്താക്കല്‍ നടപടി.ദേഹോപദ്രവം ഏല്‍പ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാര്‍ഗങ്ങളിലൂടെയോ ഉള്ള നരഹത്യ ശ്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിനാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്തിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്കാണ് ഇരുവരെയും വിലക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

RELATED STORIES