യാത്ര: അമേരിക്ക ഓ അമേരിക്ക: 24
Author: ജോർജ് മാത്യു പുതുപ്പള്ളിReporter: News Desk 19-Jan-2025
181
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പട്ടണമാണ് ഇല്ലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോ നഗരം. 'ഷിക്കാഗോ' എന്നും ഈ പട്ടണത്തെ ആൾക്കാർ വിളിക്കാറുണ്ട്. ഏതാണ് ശരിയെന്നു ഞാൻ എന്റെ സുഹൃത്ത് ജോൺസൺ ഉമ്മൻ ബ്രദറിനോട് ചോദിച്ചു: 'രണ്ടും ശരിയാണെന്ന' അദ്ദേഹത്തിന്റെ ഉത്തരത്തിൽ ഞാൻ ഹാപ്പി. പറയുന്നതിലും എഴുതുന്നതിലും പരമാവധി കൃത്യത പുലർത്തണമെന്നുള്ളത് എന്റെ ഒരു ദൗർബല്യമാണ്.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദൈവദാസന്മാരിൽ ഒരാൾ ചിക്കാഗോയിൽ താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് മത്തായി സി സാംകുട്ടി. ഞാനും സാലിയും എന്റെ മക്കളും അദ്ദേഹത്തെ 'മത്തായി അങ്കിൾ' എന്നാണ് വിളിക്കുക. എന്റെ പിതാവാകാനുള്ള പ്രായം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളാണ്.
ചിക്കാഗോയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് പുതുപ്പള്ളി ഉമ്മൻ ചാണ്ടി സാറിന്റെ പിതാവിന്റെ സ്കൂളിൽ ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്. ഏലിക്കുട്ടി മാത്യു സാർ സാമൂഹ്യപാഠം ക്‌ളാസിൽ സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കുന്നതു കേട്ടപ്പോൾ എന്റെ ഭാവനയിൽ ചിക്കാഗോ നഗരവും കുടിയേറി. എനിക്കും ചിക്കാഗോ കാണണമെന്ന് ഞാൻ അമ്മയോട് പറഞ്ഞു. പരമഭക്തയായ അമ്മ പറഞ്ഞു : 'നമ്മുടെ യേശുകർത്താവല്ലേ ചിക്കാഗോ ഉണ്ടാക്കിയത്. മോൻ തീർച്ചയായും അവിടെ പോകും.'
അന്ന് പുതുപ്പള്ളിയിൽ നിന്നും കോട്ടയത്തേക്ക് പ്രൈവറ്റ് ബസിൽ പോകാൻപോലും സാധാരണക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയമാണ്. എന്നിട്ടും അമ്മ എന്റെ സ്വപ്നത്തെ പ്രോത്സാഹിപ്പിച്ചു. എന്റെ സ്വപ്നത്തിന്റെ ചുവട്ടിൽ വെള്ളവും വളവും നൽകി അതിനെ വളർത്തി. യേശുകർത്താവ് സൃഷ്ടിച്ച അമേരിക്കയിലെ ചിക്കാഗോ പട്ടണത്തിൽ ആദ്യമായി 2018 ൽ ഞാനും സാലിയും പറന്നിറങ്ങി. ചിക്കാഗോയിൽ പാടുകൂറ്റൻ ആകാശഭീമൻ പറന്നിറങ്ങുമ്പോൾ സീറ്റിൽനിന്നും ഞാനും സാലിയും എഴുന്നേറ്റു നിന്നു.
യാത്രികരായ ചില വെള്ളക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞാൻ കാര്യമാക്കിയില്ല. സാലിയുടെ കൈകൾ കോർത്തു പിടിച്ച് മുകളിലേക്ക് ഉയർത്തി അൽപം ഉച്ചത്തിൽ ഞാൻ പ്രാർത്ഥിച്ചു : 'അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ ഹൃദയത്തിൽ കുഴിച്ചിട്ട് അമ്മ വളം നൽകി ഊട്ടി വളർത്തിയ സ്വപ്നത്തെ പൂവണിയിച്ച മഹാദൈവമായ യേശുവേ അങ്ങേയ്ക്ക് കോടാനുകോടി സ്തോത്രം.' ഇന്ത്യയിൽ നിന്നു വന്ന ഏതോ വിവരദോഷിയെന്ന് എന്റെ പ്രാർത്ഥന കേട്ട വെള്ളക്കാർ എന്നെപ്പറ്റി ചിന്തിച്ചുകാണും. ചിന്തിച്ചാലും എനിക്കു പ്രശ്നമില്ല.
ഡി എൽ മൂഡി എന്ന ഭക്തമിഷനറിയുടെ ഈറ്റില്ലമാണ് ചിക്കാഗോ നഗരം. എന്റെ അമ്പതാമത്തെ പുസ്തകമായ 'മരണമില്ലാത്ത മിഷനറിമാർ' എന്ന കൃതിയിൽ ഞാൻ മൂഡി സായ്‌പിന്റെ ജീവിതത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. തിരുവല്ല സിഎസ്എസിൽ ആ പുസ്തകം ലഭ്യമാണ്. മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഞാൻ ആദരവോടെ ദർശിച്ചു. അതോടൊപ്പം കാണാൻ ആഗ്രഹിച്ച ഒരു ഭക്തപിതാവാണ് മത്തായി സി സാംകുട്ടി അങ്കിൾ. എന്നാൽ അന്ന് അദ്ദേഹത്തെ കാണുവാൻ എനിക്കു സാധിച്ചില്ല.
ഇന്നലെ എനിക്കും സാലിക്കും ദൈവം അതിനുള്ള അവസരം നൽകി. ക്രൈസ്തവ സാഹിത്യ അക്കാദമി വി. നാഗൽ കീർത്തന അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ച ചടങ്ങിൽ ഞങ്ങൾ സംബന്ധിച്ചു. വർഷങ്ങളായി എന്നെയും കാണുവാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു അദ്ദേഹമെന്ന് എന്നോടു പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അദ്ദേഹത്തിന്റെ കണ്ണീർവീണ് എന്റെ കൈത്തലങ്ങൾ നനഞ്ഞു.
എന്റെ പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു : 'എട്ടു വയസിൽ എന്റെ പിതാവ് മരിച്ചു. ദുഃഖം താങ്ങാൻ കഴിയാതിരുന്ന എന്നെ പിന്നീടുള്ള കുടുംബ പ്രാർത്ഥനകളിൽ മടിയിലിരുത്തി അമ്മ പഠിപ്പിച്ച ഒരു പാട്ടുണ്ട്. ബാല്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ പാടിയിരുന്ന പാട്ടായിരുന്നു അത്.
'എന്റെ യേശു എനിക്കു നല്ലവൻ
അവൻ എന്നെന്നും മതിയായവൻ
ആപത്തിൽ രോഗത്തിൽ വൻ പ്രയാസങ്ങളിൽ
മനമേ അവൻ മതിയായവൻ...
ആപത്തിൽ രോഗത്തിൽ വൻ പ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ...
അന്ന് ആരാണ് ഈ പാട്ട് എഴുതിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഈ പാട്ട് എഴുതിയത് മത്തായി സി സാകുട്ടി അങ്കിളാണെന്ന് എനിക്ക് മനസിലായത്. എന്റെ അമ്മ ജീവിതത്തിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ള പാട്ടും അതു തന്നെയായിരിക്കണം. എന്റെ മക്കളും മരുമക്കളും സൂം മീറ്റിംഗുകളിൽ അദ്ദേഹത്തിന്റെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. പ്രതിസന്ധികളിൽ ഞങ്ങളെ അശ്വസിപ്പിച്ച ഗാനവും അതു തന്നെ.' ഇത്രയും പറഞ്ഞിട്ട് ചിക്കാഗോയിലെ വിശ്വാസസമൂഹത്തിന്റെ മുൻനിരയിലിരുന്ന മത്തായി സാംകുട്ടി അങ്കിളിനെ ഞാൻ വെറുതെ ഒന്നു നോക്കി. ആ വൃദ്ധപിതാവ് കൈകൾ മുകളിലേക്ക് ഉയർത്തി കരയുന്ന കാഴ്ച എന്റെ കൺപീലികളെയും നനയിച്ചു ❤